ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്ക് ഇന്നു മുതല്‍ മിനിമം വേതനം

ദോഹ: രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ഖത്തര്‍ പ്രഖ്യാപിച്ച മിനിമം വേതന നിയമം ഇന്ന് (മാര്‍ച്ച് 20) മുതല്‍ പ്രാബല്യത്തില്‍. ഖത്തറിലെ ഗാര്‍ഹികത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യമേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് തൊഴില്‍-സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. 2020ലെ 17ാം നമ്പര്‍ തൊഴില്‍ നിയമ ഭേദഗതി പ്രകാരം എല്ലാ കമ്പനികളും ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 1000 റിയാലായി നിശ്ചയിച്ച് കരാറുകള്‍ പുതുക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് 20 മുതല്‍ പുതിയ വേതന നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഴുവന്‍ സ്ഥാപന ഉടമകള്‍ക്കും നേരത്തെ തൊഴില്‍ മന്ത്രാലയം സര്‍ക്കുലര്‍ അയച്ചിരുന്നു.

പുതിയ നിയമഭേദഗതി പ്രകാരം ഭക്ഷണവും താമസവും കൂടാതെയാണ് തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞത് മാസത്തില്‍ 1000 റിയാല്‍ അടിസ്ഥാന ശമ്പളം ലഭിക്കുക. ഇതിനു പുറമെ, 500 റിയാല്‍ താമസത്തിനും 300 റിയാല്‍ ഭക്ഷണത്തിനും നല്‍കണം. ഇങ്ങനെ ചുരുങ്ങിയത് 1800 റിയാലാണ് പ്രതിമാസം രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ലഭിക്കുക. അതായത് ഇന്ത്യയുടെ 36000 രൂപ. അതേസമയം താമസവും ഭക്ഷണവും കമ്പനിയോ സ്‌പോണ്‍സറോ നല്‍കുന്നുണ്ടെങ്കില്‍ അതിന് പണം നല്‍കേണ്ടതില്ല. പകരം അടിസ്ഥാന ശമ്പളം മാത്രം നല്‍കിയാല്‍ മതിയാവും. മതിയായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ആറു മാസം സാവകാശം നല്‍കിയ ശേഷമാണ് പുതിയ നിയമം ഇന്ന് നടപ്പിലാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

മിനിമം വേതനം നടപ്പിലാക്കുന്നതോടെ രാജ്യത്തെ തൊഴില്‍ മേഖലയ്ക്ക് നവോന്‍മേഷം കൈവരുമെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മികച്ചതാക്കാന്‍ ഇത് സഹായകമാവും. ഗള്‍ഫ് രാജ്യങ്ങളിളുടെ കൂട്ടത്തില്‍ മിനിമം വേതനനിമയം ആദ്യമായി നടപ്പിലാക്കുന്ന രാജ്യമായി ഇതോടെ ഖത്തര്‍ മാറുകയും ചെയ്യും. ഖത്തറിലെ സ്വകാര്യ മേഖലയിലേയും ഗാര്‍ഹിക മേഖലയിലേയും മുഴുവന്‍ തൊഴിലാളികളേയും ഉള്‍കൊള്ളുന്ന നിയമം 2020 ആഗസ്തിലാണ് സര്‍ക്കാര്‍ പാസാക്കിയത്. സെപ്തംബറില്‍ നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറു മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചാണ് മാര്‍ച്ച് 20 മുതല്‍ രാജ്യത്ത് മിനിമം വേതനനിയമം നടപ്പിലായത്.

 

Top