ഖത്തറിലെ ജീവനക്കാര്‍ക്ക്‌ പുതിയ രോഗാവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ദോഹ: കൊവിഡ് രോഗം ബാധിച്ച് ഐസൊലേഷനിലോ ആശുപത്രി ചികില്‍സയിലോ കഴുയന്നവരും സമ്പര്‍ക്കത്തിലൂടെ ക്വാറന്റീനില്‍ കഴിയുന്നവരുമായ ഖത്തറിലെ ജീവനക്കാര്‍ക്കുള്ള രോഗാവധി സംബന്ധിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രോഗബാധയുള്ളവരുടെ ഐസൊലേഷന്‍, ചികില്‍സാ കാലയളവ് സിക്ക് ലീവായും സമ്പര്‍ക്കത്തില്‍ വന്നവരുടെ ക്വാറന്റൈന്‍ കാലയളവ് വര്‍ക്ക് ഫ്രം ഹോം ആയും ആണ് പരിഗണിക്കുക.

കൊവിഡ് ബാധിതനാണെന്നും അത് മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണെന്നും ബോധ്യപ്പെട്ടാല്‍ 14 ദിവസത്തില്‍ കുറയാതെ ഐസൊലേഷനില്‍ പോവണമെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, കൊവിഡ് പോസിറ്റീവ് ആവുകയും അത് പകര്‍ച്ചാ സാധ്യതയില്ലാത്തതാണെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ ഏഴ് ദിവസം ഐസൊലേഷന്‍ മതി. ഐസൊലേഷന്‍ കാലയളവില്‍ ഇഹ്തിറാസ് മൊബൈല്‍ ആപ്പിലെ സ്റ്റാറ്റസ് ചുവപ്പ് ആയിരിക്കും. ഇഹ്തിറാസ് ആപ്പില്‍ ചുവപ്പായിരിക്കുന്ന കാലയളവ് മുഴുവന്‍ രോഗാവധി ആയി പരിഗണിക്കും. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ഐസൊലേഷന്‍ കാലം 14 ദിവസത്തില്‍ കൂടുകയും ചെയ്താല്‍ ആ കാലയളവ് മുഴുവന്‍ രോഗാവധിയായി കണക്കാക്കും.

Top