ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി അനുവദിച്ച് സൗദി അനുകൂലരാജ്യങ്ങള്‍

ദുബായ്: ഖത്തറിനെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ച 13 ഉപാധികള്‍ പാലിക്കാനുള്ള സമയപരിധി രണ്ടു ദിവസത്തേക്കു നീട്ടി.

ഇതിനിടയില്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ കൂടുതല്‍ ഉപരോധ നടപടികള്‍ സ്വീകരിക്കാന്‍ സൗദി അനുകൂല രാജ്യങ്ങള്‍ നീക്കമാരംഭിച്ചിട്ടുണ്ട്.

ജി.സി.സി കൂട്ടായ്മയില്‍ നിന്ന് ഖത്തറിനെ പുറന്തള്ളുന്ന തീരുമാനവും ഉണ്ടായേക്കുമെന്നാണ് സൂചന.
എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കൂടിക്കാഴ്ച നടത്തുന്നത്.

സൗദിക്കു പുറമെ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇതു 48 മണിക്കൂര്‍ കൂടി നീട്ടാനുള്ള തീരുമാനം.

അതേസമയം, ഉപാധികളെല്ലാം ഖത്തര്‍ തള്ളിയെങ്കിലും ചര്‍ച്ചയ്ക്കു തയാറാണെന്നു അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മധ്യസ്ഥശ്രമങ്ങളുമായി രംഗത്തുള്ള കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഉപാധികള്‍ പാലിക്കാനുള്ള സമയപരിധി സൗദിയും സംഘവും നീട്ടിയത്. ഷെയ്ഖ് സബാഹുമായി ചര്‍ച്ച നടത്താന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കുവൈത്തില്‍ എത്തുമെന്നാണു വിവരം.

ഖത്തര്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവ് ആവര്‍ത്തിച്ചു. ഹമദ് രാജാവുമായും ഖത്തര്‍ അമീറുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഫോണില്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ മാസം അഞ്ചിനാണു സൗദി അറേബ്യയും മറ്റു രാജ്യങ്ങളും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചത്

Top