ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ വേദിയും ഖത്തർ തന്നെ

ദോഹ: ലോകകപ്പ് ഫുട്ബോളിന് പിന്നാലെ 2023 ഏഷ്യാകപ്പ് ഫുട്ബോളിനും ഖത്തർ തന്നെ വേദിയൊരുക്കും. കോവിഡിനെ തുടർന്ന് ചൈന പിന്മാറിയതോടെയാണ് പുതിയ ആതിഥേയരെ തെരഞ്ഞെടുത്തത്. ടൂർണമെന്റിന്റെ സമയക്രമം പിന്നീട് അറിയിക്കും. വേദിയൊരുക്കാൻ ആസ്ട്രേലിയ, ഇന്തോനേഷ്യ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും രംഗത്തുണ്ടായിരുന്നു. ഇതില്‍ ആസ്ട്രേലിയയും ഇന്തോനേഷ്യയും പിന്മാറി.

ഒടുവില്‍ ദക്ഷിണ കൊറിയയെ മറികടന്ന് ഖത്തറിനെ ആതിഥേയരായി പ്രഖ്യാപിക്കുകയായിരുന്നു. ലോകകപ്പ് ഫുട്‌ബോളിനായി ഒരുക്കിയ സംവിധാനങ്ങള്‍ ഖത്തറിന് തുണയായി. എട്ട് സ്റ്റേഡിയങ്ങളും ലോകകപ്പ് ടീമുകളുടെ പരിശീലന വേദികളും ഉള്ളതിനാല്‍ ഏത് നിമിഷവും ടൂർണമെന്റ് നടത്താൻ ഖത്തർ സജ്ജമാണ്. 2024 അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്ബാളിനും വേദിയാകുന്നത് ഖത്തറാണ്. അതേസമയം 2027 ലെ ഏഷ്യൻ കപ്പിൽ ഇന്ത്യയേയും സൗദി അറേബ്യയേയും ഷോർട് ലിസ്റ്റിൽ പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

 

Top