ഖത്തറിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

ഖത്തര്‍: ഖത്തറിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. അസംസ്‌കൃത എഥിലിനാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റിയയക്കുന്നത്. 1170 കോടി രൂപയുടെ ചരക്കുകളാണ് ഈ വര്‍ഷം ജൂലൈ വരെ ഖത്തര്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. 2017 ജൂലൈയില്‍ ഇത് 938 കോടിയായിരുന്നു. ഏകദേശം 25 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്‌കരിക്കാത്ത എഥിലിനാണ് ഇന്ത്യയില്‍ നിന്നും ഖത്തര്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. 76.8 കോടിയുടെ എഥിലിനാണ് കഴിഞ്ഞ മേയില്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലെത്തിയത്. ചെമ്പ് വയറുകള്‍, ബസുമതി അരി, സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് കൂടുതലായി ഇറക്കുമതി ചെയ്യുന്ന മറ്റു വസ്തുക്കള്‍.

എന്നാല്‍ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതായിരുന്ന ഇന്ത്യ ഈ വര്‍ഷം നാലാം സ്ഥാനത്താണ്. അമേരിക്ക, ചൈന, ജര്‍മ്മനി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്. ഖത്തറിലേക്കുള്ള മൊത്തം ഇറക്കുമതിയുടെ 15 ശതമാനവും അമേരിക്കയില്‍ നിന്നാണ്.

Top