ഖത്തര്‍ ധനകാര്യമന്ത്രി അലി ശരീഫ് അല്‍ ഇമാദി അറസ്റ്റില്‍

ദോഹ: അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്തു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്‌. അന്വേഷണം നടത്തുന്നതിന് വേണ്ടിയാണ് അറസ്റ്റ്.

നേരത്തേ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അറ്റോണി ജനറല്‍ ഉത്തരവിട്ടിരുന്നു. മന്ത്രിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകളും റിപ്പോര്‍ട്ടുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. മന്ത്രിയെ ചോദ്യം ചെയ്ത് വരികയാണ്. സാമ്പത്തിക ക്രമക്കേട്, അധികാര ദുര്‍വിനിയോഗം തുടങ്ങി അദ്ദേഹത്തിനെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ കുറിച്ചാണ് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത്.

ധനകാര്യമന്ത്രി അറസ്റ്റിലായ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്തതായി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഓഫിസ് അറിയിച്ചു. പകരം വാണിജ്യ-വ്യവസായ മന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരിക്കാണ് ധനകാര്യ വിഭാഗം ചുമതല നല്‍കിയിരിക്കുന്നത്.

 

Top