ഖത്തറില്‍ പ്രവാസികള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വാക്സിനേഷന്‍ കേന്ദ്രം തുറന്നു

ദോഹ: മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി തൊഴിലാളികള്‍ താമസിക്കുന്ന ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രം തുറന്നു. ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. പഴയ മെഡിക്കല്‍ കമ്മീഷന്‍ നിലനിന്നിരുന്ന സ്ഥലത്താണ് വാക്‌സിനേഷന്‍ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. നിലവില്‍ 35ലേറെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഖത്തറിലുള്ളതായി ആരോഗ്യ മന്ത്രി പറഞ്ഞു. 1,079,000 ഡോസ് വാക്‌സിനുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു.

പുതിയ വാക്‌സിനേഷന്‍ കേന്ദ്രം വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കും. 40 വയസ്സും അതിന് മുകളിലുള്ളവരും മാറാവ്യാധികള്‍ ഉള്ളവര്‍, പ്രധാന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് വാക്‌സിന്‍ ലഭിക്കും.

അതേസമയം, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിക്കുന്ന അപ്പോയിന്‍മെന്റിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇവിടെ നിന്ന് വാക്സിന്‍ നല്‍കുക. ബുക്ക് ചെയ്യാതെ നേരിട്ട് വരുന്നവര്‍ക്ക് വാക്സിന്‍ നല്‍കില്ല. വാക്സിനെടുക്കാന്‍ വരുന്നവര്‍ ഖത്തര്‍ ഐഡിയോ ഹെല്‍ത്ത് കാര്‍ഡോ പാസ്പോര്‍ട്ടോ കൈയില്‍ കരുതണം. ഇഹ്തിറാസ് ആപ്പില്‍ കൊവിഡ് ഇല്ലെന്നും ക്വാറന്റൈനില്‍ അല്ലെന്നും വ്യക്തമാക്കുന്ന പച്ച സ്റ്റാറ്റസ് ഉണ്ടായിരിക്കുകയും വേണം.

 

 

Top