ഖത്തറില്‍ സൈബര്‍ കുറ്റത്തിന് 5 വര്‍ഷം തടവും 5 ലക്ഷം റിയാല്‍ പിഴയും

ദോഹ: ഖത്തറില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആഹ്വാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുതല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയ സാഹചര്യത്തില്‍ തട്ടിപ്പുകളും ചൂഷണങ്ങളും വ്യാപകമായതായി ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈംസ് കോമ്പാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഫസ്റ്റ് ലഫ്റ്റനന്റ് എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ കഅബി അറിയിച്ചു.

സാമ്പത്തിക തട്ടിപ്പുകള്‍, കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണങ്ങള്‍, വ്യാജപ്രചാരണങ്ങള്‍, ഹാക്കിംഗ് തുടങ്ങിയ വിവിധ രീതിയിലുള്ള സൈബര്‍ കുറ്റകൃത്യങ്ങളാണ് അടുത്തകാലത്തായി വ്യാപകമായിരിക്കുന്നത്. ഇതിന് ഇരകളാവാതിരിക്കാന്‍ ഓരോരുത്തരും അതീവ ജാഗ്രത പുലര്‍ത്തണം. തങ്ങളുടെ ഐഡി കാര്‍ഡോ അതിന്റെ പകര്‍പ്പോ മറ്റൊരാള്‍ക്ക് നല്‍കാതിരിക്കുകയെന്നതാണ് ഇതില്‍ പ്രധാനം. ഇത് ഉപയോഗിച്ച് വലിയ തട്ടിപ്പുകളാണ് നടക്കുന്നത്. ഇമെയിലുകളെയും ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, മറ്റ് ഡിജിറ്റല്‍ അക്കൗണ്ടുകള്‍ എന്നിവ മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Top