പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നു ; ഖത്തറിന്റെ തീവ്രവാദവിരുദ്ധ നീക്കങ്ങളെ സ്വാഗതം ചെയ്ത് സൗദി

qatar

ദോഹ : ഖത്തര്‍ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നുവെന്ന് റിപ്പോര്‍ട്ട്. തീവ്രവാദ ബന്ധം ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. നീണ്ടു നിന്ന ഉപരോധത്തിന് ഒടുവില്‍ തീവ്രവാദത്തിനെതിരായ ഖത്തറിന്റെ നീക്കങ്ങളെ സ്വാഗതം ചെയ്യാന്‍ സൗദി തീരുമാനിച്ചു. തീവ്രവാദ ബന്ധമുള്ള 19 വ്യക്തികളെയും 8 സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഖത്തര്‍ പുറത്ത് വിട്ട പട്ടികയെയാണ് സൗദി അനുകൂല രാജ്യങ്ങള്‍ സ്വാഗതം ചെയ്തത്.

കാര്യങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ കൈകാര്യം ചെയ്യുന്നതിനുള്ള വിവേകം ഖത്തര്‍ പ്രകടിപ്പിക്കുന്നത് പ്രശ്‌നപരിഹാരത്തിന് ഗുണം ചെയ്‌തേക്കുമെന്നാണ് സൗദി രാജ്യങ്ങളുടെ വിലയിരുത്തല്‍. ഖത്തര്‍ പുറത്തിറക്കിയ തീവ്രവാദ ബന്ധമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 10 പേര്‍ നേരത്തെ സൗദി അനുകൂല രാജ്യങ്ങള്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്ളവരാണ്. ഖത്തര്‍ കൈക്കൊണ്ട പുതിയ നടപടി തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടു വരുന്ന ഒന്നാണെന്നും സൗദി അനുകൂല രാജ്യങ്ങള്‍ പ്രതികരിച്ചു.

ഖത്തര്‍ പ്രതിസന്ധിയുടെ യഥാര്‍ഥ കാരണം തീവ്രവാദ ഘടകം തന്നെയാണെന്നും, ഖത്തറും ഇത് ശരിവെക്കുന്നു എന്നതിന്റെ തെളിവാണ് ലിസ്റ്റ് പുറത്തുവിട്ട നടപടിയെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശ് വ്യക്തമാക്കി.

Top