ഖത്തറിലേക്ക് ഭക്ഷണസാധനങ്ങളടങ്ങിയ അഞ്ച് വിമാനങ്ങളുമായി ഇറാന്‍

ടെഹ്‌റാന്‍: ഖത്തര്‍ പ്രതിസന്ധിക്കിടയില്‍ സഹായവുമായി ഇറാന്‍. ഭക്ഷണസാധനങ്ങളടങ്ങിയ അഞ്ച് വിമാനങ്ങള്‍ ഇറാന്‍ ഖത്തറിലേക്കയച്ചു.

യു.എ.ഇ, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇറാന്റെ സഹായം.

അത്യാവശ്യമായ ഭക്ഷണസാധനങ്ങളും, പഴവര്‍ഗങ്ങളുമടക്കം, 90 ടണ്‍ തൂക്കമുള്ള കാര്‍ഗോയാണ് ഓരോ വിമാനത്തിലുമുള്ളതെന്ന് ഇറാന്‍ വ്യേമയാന വക്താവ് ഷാറൂഖ് നൗഷാബാദി അറിയിച്ചു.

എത്രയും വേഗം ഒരു വിമാനം കൂടി അയക്കുമെന്നും 350 ടണ്‍ ഭക്ഷണ വസ്തുക്കള്‍ നിറച്ച് മൂന്ന് കപ്പലുകള്‍ ഖത്തറിലേക്ക് പുറപ്പെടാന്‍ തയ്യാറാകുന്നതായും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുന്നത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top