ഖത്തറിൽ കുട്ടികള്‍ക്ക് ഇന്നു മുതല്‍ വാക്സിന് രജിസ്റ്റര്‍ ചെയ്യാം

ദോഹ: ദേശീയ കൊവിഡ് വാക്സിനേഷന്‍ ക്യാംപയിന്റെ ഭാഗമായി ഖത്തര്‍  ആരോഗ്യമന്ത്രാലയം ഇന്നലെ  20  ലക്ഷം വാക്‌സിന്‍ ഡോസ് എന്ന ലക്ഷ്യം മറി കടന്നു.  ഖത്തറില്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇന്നു  മുതല്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ www.moph.gov.qa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കുമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്തവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ നേരിട്ട് ബന്ധപ്പെട്ട് തുടര്‍നടപടികള്‍ നിര്‍ദേശിക്കും. കൗമാരക്കാരില്‍ ഫൈസര്‍ വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ഖത്തറിന്റെ നടപടി. സപ്തംബറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് സുരക്ഷിതമായി ക്ലാസ്സുകളിലെത്താന്‍ ഇത് സഹായിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

Top