ഖത്തര്‍ പൗരന്മാരെ സ്വാഗതം ചെയ്ത് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

ഖത്തര്‍: റമദാനില്‍ ഉംറക്കെത്തിയ ഖത്തര്‍ സ്വദേശികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയതായി മന്ത്രാലയം അറിയിച്ചു. ഹജ്ജിനും ഉംറക്കും ഖത്തര്‍ പൗരന്മാരെ സൗദി ഹജ്ജ് ഉംറ മന്ത്രാലയം സ്വാഗതം ചെയ്തു. റമദാനില്‍ ഉംറക്കെത്തിയ ഖത്തര്‍ സ്വദേശികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയതായും മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് പ്രതിസന്ധി തീര്‍ഥാടനത്തെ ബാധിക്കില്ലെന്നും മന്ത്രാലയം പറഞ്ഞു.

വിവിധ വാണിജ്യ വ്യാപാര ബന്ധങ്ങളെ അകല്‍ച്ച സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇരു ഹറമിലേക്കും ഹജ്ജിനും ഉംറക്കുമുള്ള തീര്‍ഥാടനത്തെ ഇത് ബാധിക്കില്ല. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെ അറിയിച്ചത്. രേഖകളുള്ള ഏതൊരു തീര്‍ഥാടകനേയും പോലെ ഖത്തരികള്‍ക്കും സൗദിയിലെത്താം. ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് തീര്‍ഥാടകര്‍ എത്തേണ്ടത്.

ഉപരോധമുള്ള ഖത്തര്‍ എയര്‍വേയ്‌സ് ഒഴികെ ഏത് വിമാനത്തിനും തീര്‍ഥാടകരെ കൊണ്ടു വരാം. കഴിഞ്ഞ ഹജ്ജിനും ഖത്തര്‍ പൗരന്മാര്‍ എത്തിയിരുന്നു. ഇത്തവണയും അതിന് തടസ്സമുണ്ടാകില്ല. പ്രതിസന്ധിയും തീര്‍ഥാടനവും രണ്ടാണെന്ന് സൂചിപ്പിക്കുകയാണ് പ്രസ്താവനയിലൂടെ ഹജ്ജ് ഉംറ മന്ത്രാലയം.

Top