ഏഷ്യന്‍കപ്പ് ഫൈനലില്‍ രണ്ടാംതവണയും ചാമ്പ്യന്മാരായി ഖത്തർ;അക്രം അഫീഫിന് ഹാട്രിക്

ഷ്യന്‍കപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാംതവണയും വന്‍കര ചാമ്പ്യന്മാരായി ഖത്തര്‍. ഒന്നിനെതിരേ മൂന്ന്‌ ഗോളുകള്‍ക്കാണ് ഖത്തറിന്റെ ജയം. ലഭിച്ച മൂന്ന് പെനാല്‍റ്റികളും ലക്ഷ്യത്തിലെത്തിച്ച അക്രം അഫീഫിന്റെ ഹാട്രിക് മികവാണ് ഖത്തറിന് തുണയായത്. അദ്ഭുത അട്ടിമറികളിലൂടെ കലാശപ്പോരിനെത്തിയ ജോര്‍ദാന്‍, കരുത്തുറ്റ നിരവധി നീക്കങ്ങള്‍ നടത്തി ഖത്തറിനെ ഞെട്ടിച്ചെങ്കിലും വിജയപ്പടി കയറാനായില്ല. യാസന്‍ അല്‍ നയ്മത്തിലൂടെയാണ് ജോര്‍ദാന്റെ ആശ്വാസ ഗോള്‍.

തുടക്കം മുതല്‍തന്നെ മികച്ച പോരാട്ടവീര്യമാണ് ഇരുകൂട്ടരും പുറത്തെടുത്തത്. ഖത്തറും ജോര്‍ദാനും അങ്ങോട്ടും ഇങ്ങോട്ടും ആക്രമണങ്ങള്‍ നടത്തി. 21-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍വെച്ച് ജോര്‍ദാന്‍ താരം നസീബ്, അക്രം അഫീഫിനെ പിന്നില്‍നിന്ന് ഫൗള്‍ ചെയ്തു. ഇത് വാര്‍ പരിശോധനയിലൂടെ പെനാല്‍റ്റിയാണെന്ന് കണ്ടെത്തി. അക്രം അഫീഫ് തന്നെയാണ് കിക്കെടുത്തത്. വലതുകാല്‍കൊണ്ട് ബോക്‌സിന്റെ ഇടതുമൂലയിലേക്ക് അഫീഫ് ഉതിര്‍ത്ത ഷോട്ട് ജോര്‍ദാന്‍ ഗോളിക്ക് ഭേദിക്കാനായില്ല (1-0).

ഒന്നാംപകുതി ആ നിലയില്‍ത്തന്നെ അവസാനിച്ചു. എന്നാല്‍ രണ്ടാംപകുതിയിലെ 67-ാം മിനിറ്റില്‍ ജോര്‍ദാന്‍ തിരിച്ചെത്തി. യാസന്‍ അല്‍ നയ്മത്തിലൂടെയായിരുന്നു ജോര്‍ദാന്റെ തിരിച്ചടി. വലതു വിങ്ങില്‍നിന്നെത്തിയ ഒരു ക്രോസ് നയ്മത്ത് അതിവേഗത്തോടെ പോസ്റ്റിലേക്ക് വഴിതിരിച്ചു. വേഗവും കരുത്തും സമയബന്ധിതമായ ഇടപെടലും എല്ലാം നിറഞ്ഞ ആ ഷോട്ടില്‍ പക്ഷേ, ഖത്തര്‍ ഗോള്‍ക്കീപ്പര്‍ ബര്‍ഷാമിന് ഒന്നു തൊടാന്‍ പോലുമായില്ല. ഗോള്‍ നേട്ടത്തോടെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ ഖത്തര്‍ ജനത സ്തംഭിച്ചുനിന്നു.

പക്ഷേ, അയ്മത്ത് നല്‍കിയ സന്തോഷത്തിന് കൂടുതല്‍ ആയുസ്സുണ്ടായില്ല. അഞ്ചു മിനിറ്റായപ്പോഴേക്ക് ജോര്‍ദാന്‍ വീണ്ടും പെനാല്‍റ്റി വഴങ്ങി. ഇത്തവണയും ലക്ഷ്യത്തിലെത്തിച്ചത് അക്രം അഫീഫ് തന്നെയായിരുന്നു. പോസ്റ്റിന്റെ ഇടതു വശത്തേക്ക് ഷോട്ടുതിര്‍ത്തുതന്നെയായിരുന്നു ഇത്തവണത്തെയും ഗോള്‍ നേട്ടം (ഖത്തര്‍ 2 – 1 ജോര്‍ദാന്‍).

പെനാല്‍റ്റിയുടെ രൂപത്തില്‍ ഖത്തറിനെ വീണ്ടും ഗോള്‍ തേടിയെത്തി. രണ്ടാം പകുതിയുടെ അധികസമയത്തായിരുന്നു ഇത്. പോസ്റ്റിന്റെ വലതു മൂലയിലേക്ക് കിക്കെടുത്ത് ഇതും അഫീഫ് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ മൂന്ന് പെനാല്‍റ്റികളിലൂടെ അഫീഫ് ഹാട്രിക് നേടി. ഖത്തര്‍ ജയമുറപ്പിക്കുകയും ചെയ്തു.

Top