300 ടണ്‍ സഹായവസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു

ഖത്തര്‍: ഇന്ത്യയിലേക്കുള്ള സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സ് പുറപ്പെട്ടു. മെഡിക്കല്‍ ഉപകരണങ്ങളുള്‍പ്പെടെയുള്ള 300 ടണ്‍ സഹായ വസ്തുക്കളാണ് കൊണ്ടുവരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച 300 ടണ്‍ സഹായ വസ്തുക്കളുമായി മൂന്ന് ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ വിമാനങ്ങള്‍ പുറപ്പെട്ടതായി ഖത്തര്‍ അധികൃതര്‍ അറിയിച്ചു.

നൂറ് ടണ്‍ വീതം മൂന്ന് വിമാനങ്ങളിലായി മൂന്ന് നഗരങ്ങളിലായാണ് എത്തിക്കുക. ഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കാണ് വസ്തുക്കളെത്തിക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ വി കെയര്‍ പദ്ധതിക്ക് കീഴിലാണ് ഇന്ത്യക്കുള്ള കോവിഡ് ദുരിതാശ്വാസ സഹായവിതരണം നടപ്പാക്കുന്നത്. പിപിഇ കിറ്റ്, ഓക്‌സിജന്‍ കാനിസ്റ്ററുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് പുറമെ വ്യക്തികളും കമ്പനികളും സംഭാവന ചെയ്ത ധനസഹായവും ഇതില്‍ ഉള്‍പ്പെടും.

ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബേകിര്‍, ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ ദീപക് മിത്തല്‍ തുടങ്ങിയവര്‍ യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിച്ചു. കോവിഡ് രണ്ടാം തരംഗത്തില്‍ വിഷമതകളനുഭവിക്കുന്ന ഇന്ത്യക്കാരുടെ വേദനകളില്‍ പങ്കുചേരുന്നതായും പിന്തുണ തുടരുമെന്നും അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു.

 

Top