ഖാസിം സുലൈമാനിയുടെ സംസ്‌കാരം ഇന്ന്; ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും

അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാരം ഇന്ന് നടക്കും. ജന്മനാടായ കെര്‍മനിലാണ് ചടങ്ങ്. കഴിഞ്ഞ ദിവസം ടെഹ്‌റാനില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്.

വികാര നിര്‍ഭരമായാണ് ഇറാന്‍ ജനത ഇന്നലെ ടെഹ്‌റാനില്‍ ഖാസിം സുലൈമാനിക്ക് വിടചൊല്ലിയത്. കെര്‍മനിലെ സംസ്‌കാര ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുഖാചരണം ഇറാനില്‍ തുടരുകയാണ്.

ഇതിനിടെ, ഇറാഖില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയം തള്ളി. സൈന്യത്തെ പിന്‍വലിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കാണിച്ച് ഇറാഖിലെ അമേരിക്കന്‍ സൈനിക മേധാവി കത്ത് നല്‍കിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം ഒരു തീരുമാനത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. സൈനിക മേധാവിയുടേതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

എന്നാല്‍, സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറകണമെന്ന് ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹ്ദി ആവശ്യപ്പെട്ടു. ഇറാഖിലെ അമേരിക്കന്‍ അംബാസിഡറെ മഹ്ദി വിളിച്ചുവരുത്തി. സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു.

Top