മഴക്കെടുതി : പൊതുമരാമത്തിന് 2611 കോടി രൂപയുടെ നഷ്ടമെന്ന് മന്ത്രി ജി സുധാകരന്‍

sudhakaran

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് പെയ്യുന്ന കനത്തമഴയില്‍ പൊതുമരാമത്തിന് 2611 കോടി രൂപയുടെ നഷ്ടമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കനത്തമഴയില്‍ റോഡുകള്‍ക്ക് മാത്രം 2000 കോടിയുടെ നഷ്ടമുണ്ടായി. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയ്ക്ക് ഉണ്ടായ നഷ്ടം 400 കോടിയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 88 പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, ഇതിന്റെയെല്ലാം അറ്റകുറ്റപ്പണി ഉടന്‍ നടത്തും, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മഴ മാറിയശേഷം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കനത്തമഴയില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്. വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മറ്റന്നാള്‍ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും രണ്ട് ദിവസം കൂടി ന്യൂനമര്‍ദ്ദം മൂലമുള്ള മഴ തുടരുമെന്നുമാണ് സൂചന. കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടതായും മണിക്കൂറില്‍ നാല്‍പ്പത് മുതല്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

വരും വര്‍ഷങ്ങളിലും ഇതുപോലെ മഴ തുടരാന്‍ ഇടയുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top