ഇ-മൊബിലിറ്റി പദ്ധതി; പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ കണ്‍സള്‍ട്ടന്‍സി സ്ഥാനത്ത് നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ഇ- മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടസി സ്ഥാനത്ത് നിന്ന് ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കി. സമയബന്ധിതമായി പ്രോജക്ട് പ്ലാന്‍ സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. മാനദണ്ഡങ്ങള്‍ പാലിക്കാതെ കണ്‍സള്‍ട്ടസി കരാര്‍ നല്‍കിയതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

2020 മാര്‍ച്ചില്‍ ഇ -മൊബിലിറ്റി പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു ധാരണ. ഓഗസ്റ്റ് 30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പിഡബ്ല്യൂസിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നടപടിയോടെ പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണങ്ങളില്‍ മറുപടിയില്ലാതെ വന്നതോടെ മുടന്തന്‍ ന്യായങ്ങളുയര്‍ത്തിയാണ് പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേഴ്സിനെ സര്‍ക്കാര്‍ ഒഴിവാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.

ഇ- മൊബിലിറ്റി വിവാദത്തിന് പിന്നാലെ സ്വപ്ന സുരേഷിനെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചതും പിഡബ്ല്യൂസിയെ സംശയ നിഴലില്‍ നിര്‍ത്തിയിരുന്നു. ഇ- മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ നിയമിച്ചത് ഏറെ വിവാദമായിരുന്നു.

Top