പി.വി. അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടിലെ തടയണകള്‍ പഞ്ചായത്ത് പൊളിച്ചുനീക്കും

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുളള കക്കാടംപൊയിലിലുളള റിസോര്‍ട്ടിനായി നിര്‍മിച്ച തടയണകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ ഇന്ന് തുടങ്ങിയേക്കും. അനധികൃതമായി നിര്‍മ്മിച്ച തടയണകള്‍ പൊളിച്ചുനീക്കാന്‍ ജില്ലാ കളക്ടര്‍ നല്‍കിയ സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പഞ്ചായത്ത് അധികൃതര്‍ നടപടിക്കൊരുങ്ങുന്നത്.

അന്‍വറിന്റെ ഉടമസ്ഥതയിലുളള പിവിആര്‍ നാച്വറല്‍ റിസോര്‍ട്ടിനായി നീര്‍ച്ചാലിന് കുറുകെ നിര്‍മ്മിച്ച തടയണകളാണ് പൊളിച്ചുനീക്കുന്നത്. പാര്‍ക്കിനായി നിര്‍മ്മിച്ച തടയണകള്‍ സ്വാഭാവിക നീരൊഴുക്ക് തടയുന്നുവെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് തടയണ പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. തുടര്‍ന്ന് ഇവ പൊളിച്ചുനീക്കാനായി ജില്ലാ കളക്ടര്‍ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും റിസോര്‍ട്ട് അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് പഞ്ചായത്ത് ഇടപെടല്‍.

ഇന്നലെ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇന്നു മുതല്‍ തടയണ പൊളിക്കാനുളള നടപടി തുടങ്ങുമെന്ന് അറിയിക്കുകയുമായിരുന്നു. നടപടിക്ക് ഉണ്ടായകുന്ന ചെലവ് അന്‍വറില്‍ നിന്ന് തന്നെ ഈടാക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

ഉടമകള്‍ പൊളിച്ചുനീക്കിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം ഏറ്റെടുക്കണമെന്ന് ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശിച്ചിരുന്നു. അതേസമയം, തടയണ പൊളിക്കാന്‍ കുറച്ചുകൂടി സമയം വേണ്ടിവരുമെന്നും, ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കണമെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ വിദഗ്ധരുമായി ചര്‍ച്ച നടത്തി പഞ്ചായത്ത് മറ്റു നടപടികളിലേക്ക് കടക്കും.

Top