ഇന്ത്യയുടെ വിജയസിന്ധു: പരസ്യ ലോകത്തും താരമൂല്യം വര്‍ദ്ധിക്കുന്നു . . .

ന്യൂഡല്‍ഹി:ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായതോടെ പി. വി സിന്ധുവിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ദ്ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സിന്ധുവിന്റെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ഏറ്റവും കുറഞ്ഞത് 25 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്ന് ക്വന്‍ സ്‌പോര്‍ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഇന്ദ്രാണില്‍ ദാസ് പറഞ്ഞു.ഫോബ്സ് മാസിക പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിത കായിക താരങ്ങളില്‍ പതിമൂന്നാം സ്ഥാനത്താണ് നിലവില്‍ പി.വി സിന്ധുവുള്ളത്.ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരങ്ങളില്‍ നാലാം സ്ഥാനത്തും.

200 കോടി രൂപ ബ്രാന്‍ഡ് വാല്യൂ ഉള്ള വിരാട് കൊഹ് ലിയാണ് ഒന്നാം സ്ഥാനത്ത്. 100 കോടിയുമായി എം എസ് ധോണി രണ്ടാം സ്ഥാനത്തും 40 കോടിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മൂന്നാം സ്ഥാനത്തുമാണ്.

2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് മൊത്തം 35 കോടി രൂപയാണ് പരസ്യ രംഗത്ത് നിന്നുള്ള വരുമാനം.ബ്രാന്‍ഡ് മൂല്യമായി സിന്ധു ഇപ്പോള്‍ വാങ്ങുന്നത് ഒന്ന് മുതല്‍ 1 .5 കോടി രൂപ വരെയാണ്. ഇത് മൂന്ന് കോടി രൂപയായി ഉയരാന്‍ സാധ്യതയുണ്ടെന്ന് സിന്ധുവിന്റെ പരസ്യ കാര്യങ്ങള്‍ മാനേജ് ചെയ്യുന്ന ബേസ് ലൈന്‍ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ തുഹിന്‍ മിശ്ര പറഞ്ഞു.

14 പ്രമുഖ കമ്പനികളാണ് നിലവില്‍ സിന്ധുവിനെ പരസ്യങ്ങള്‍ക്കുള്ള മോഡലായി സ്വീകരിച്ചിരിക്കുന്നത്. യോനക്‌സ് ,ജെ ബി എല്‍, ബ്രിഡ്ജ്‌സ്റ്റോണ്‍, മൂവ്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ കമ്പനികള്‍ ഇതില്‍ ഉള്‍പെടുന്നു.

സിന്ധുവിന് ഒളിമ്പിക്‌സില്‍ കൂടി ഈ നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ സിന്ധുവിനെ തേടിയെത്താന്‍ സാധ്യതയുണ്ട്.ഫെബ്രുവരിയില്‍ ചൈനയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ ലി നിംഗുമായി സിന്ധു കരാര്‍ ഒപ്പു വച്ചിരുന്നു.

Top