PV Sindhu wins Macau Open Grand Prix Gold third year in a row

pv-sindhu

മക്കാവു: മാക്കാവു ഓപ്പണ്‍ ഗ്രാന്‍പ്രി ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഹാട്രിക് കിരീടം തികച്ചു. വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ മിനാത്‌സു മിതാനിയെ ഒന്നിനെതിരെ രണ്ട് ഗെയിമിനു തോല്‍പിച്ചാണ് സിന്ധു തുടര്‍ച്ചയായ മൂന്നാം തവണയും ചാമ്പ്യനാകുന്നത്. സ്‌കോര്‍: 21-9, 21-23, 21-14.

മത്സരം ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ടുനിന്നു. ഒന്നിലേറെ തവണ മക്കാവുവില്‍ കിരീടം ചൂടുന്ന ഏക താരവും സിന്ധുമാണ്.

ശക്തമായ സര്‍വുകളും സ്മാഷുകളും കൊണ്ട് ഒന്നാം ഗെയിമില്‍ സിന്ധു വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും രണ്ടാം ഗെയിമില്‍ ഒപ്പത്തിനൊപ്പം പൊരുതി മിതാനി തിരിച്ചുവന്നു. 21-21 എന്ന നിലയില്‍ നിന്നശേഷമാണ് മിതാനി ഗെയിം പിടിച്ചെടുത്ത് തിരിച്ചുവന്നത്. എന്നാല്‍, നിര്‍ണായകമായ മൂന്നാം ഗെയിമില്‍ സിന്ധു വീണ്ടും ഫോം വീണ്ടെടുത്തു.

മത്സരത്തിന്റെ ഒരുവേളയിലും മിതാനിക്ക് അവസരം നല്‍കാതെയാണ് ഗെയിമും മത്സരവും സ്വന്തമാക്കിയത്. സിന്ധുവിന്റെ അഞ്ചാമത്തെ അന്താരാഷ്ട്ര കിരീടമാണിത്.

2013ല്‍ കാനഡയുടെ മിഷെല്ലെ ലിയും കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയുടെ കിം ഹ്യോ മിന്നുമായിരുന്നു ഫൈനലില്‍ സിന്ധുവിന്റെ എതിരാളികള്‍.

സൂപ്പര്‍സീരീസ് ടൂര്‍ണമെന്റായ ഇന്‍ഡൊനീഷ്യന്‍ ഇന്റര്‍നാഷണലും ഗ്രാന്‍പ്രി ഗോള്‍ ടൂര്‍ണമെന്റായ മലേഷ്യന്‍ മാസ്‌റ്റേഴ്‌സുമാണ് സിന്ധു നേടിയ മറ്റ് അന്താരാഷ്ട്ര കിരീടങ്ങള്‍.

Top