പി.വി.സിന്ധുവിനെ ഡെപ്യൂട്ടി കലക്ടറാക്കാനൊരുങ്ങി ആന്ധ്ര സര്‍ക്കാര്‍

ഹൈദരാബാദ്: ബാഡ്മിന്റണ്‍ താരവും ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവുമായ പി.വി.സിന്ധുവിനെ ഡെപ്യൂട്ടി കലക്ടറാക്കാനൊരുങ്ങി ആന്ധ്ര സര്‍ക്കാര്‍. ഇതിനായി സര്‍ക്കാര്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തി. നിയമസഭാ സമ്മേളനം ചേര്‍ന്നാണ് സിന്ധുവിനെ ഗ്രൂപ്പ് വണ്‍ ഓഫീസറാക്കാന്‍ ബില്‍ പാസാക്കിയത്.

സംസ്ഥാന ധനമന്ത്രി യാനമാല രാമകൃഷ്ണുഡു അവതരിപ്പിച്ച ബില്‍ ഏകകണ്ഠേനയാണ് നിയമസഭ പാസാക്കിയത്. ബില്‍ പിന്നീട് നിയമസഭാ കൗണ്‍സിലും പാസാക്കി.

സിന്ധുവിനെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മികവ് തെളിയിച്ച മറ്റ് കായികതാരങ്ങള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയില്‍ പറഞ്ഞു.

1994-ലെ റെഗ്യുലേഷന്‍ ഓഫ് അപ്പോയിന്റ്മെന്റ്സ് ടു പബ്ലിക് സര്‍വീസസ് ആന്‍ഡ് റേഷണലൈസേഷന്‍ ഓഫ് സ്റ്റാഫ് പാറ്റേണ്‍ ആന്‍ഡ് പെ സ്ട്രക്ചര്‍ ആക്ട് അനുസരിച്ച് പി. എസ്.സി. മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ മാത്രമേ ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കാനാവൂ. ഈ നിയമത്തിലെ സെക്ഷന്‍ നാലാണ് സിന്ധുവിനുവേണ്ടി സര്‍ക്കാര്‍ ബില്‍ വഴി ഭേദഗതി ചെയ്തത്.

റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ ഉടനെ സിന്ധുവിന് അവര്‍ക്ക് താത്പര്യമുള്ള വകുപ്പില്‍ ഗസറ്റഡ് റാങ്കിലുള്ള ഗ്രൂപ്പ്-1 ഉദ്യോഗസ്ഥായായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പറമെ മൂന്ന് കോടി രൂപയും സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനം ഉയര്‍ന്നുവരുന്ന അമരാവതിയില്‍ വീട്വയ്ക്കാന്‍ സ്ഥലവും സമ്മാനിച്ചിരുന്നു.

ഭാരത് പെട്രോളിയത്തിന്റെ ഹൈദരാബാദ് ഓഫീസില്‍ അസിസ്റ്റന്റ് മാനേജരായി പ്രവര്‍ത്തിക്കുകയാണ് നിലവില്‍ സിന്ധു.

Top