PV Sindhu beats Carolina Marin to clinch maiden India Open World Superseries title

ന്യൂഡല്‍ഹി: ലോക ഒന്നാം നമ്പര്‍ താരം കരോളിന മാരിനെ തകര്‍ത്ത് ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പി.വി സിന്ധു സ്വന്തമാക്കി. ഒളിംമ്പിക്‌സിലേറ്റ പരാജയത്തിനുള്ള തിരിച്ചടിക്കൂടിയായിരുന്നു സിന്ധുവിന്റെ വിജയം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-18, 21-16.

സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീട നേട്ടം കൂടിയാണിത്. സെറ്റിന്റെ തുടക്കം മുതല്‍ സിന്ധുവിനായിരുന്നു ലീഡ്. ഒരു സമയത്ത് 5-1ന് പിന്നില്‍ പോയ ശേഷം തിരിച്ചടിച്ച മാരിന്‍ പിന്നീട് 7-5 എന്ന നിലയിലേക്ക് ലീഡ് ചുരുക്കി.

രണ്ടാമത്തെ സെറ്റും സിന്ധുവിന്റെ മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്. തുടക്കത്തില്‍ 5-0 ലീഡ് നേടിയ സിന്ധുവിനെ പക്ഷേ മരിയന്‍ തിരിച്ചടിച്ച് സമ്മര്‍ദത്തിലാക്കുകയായിരുന്നു.
എന്നാല്‍ അവസാനം അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിലാണ് സിന്ധു രണ്ടാം സെറ്റും കിരീടവും സ്വന്തമാക്കിയത്.

സിന്ധുവിന്റെ രണ്ടാം സൂപ്പര്‍ സീരീസ് നേട്ടമാണിത്. 2016 നവംബറില്‍ ചൈന ഓപ്പണ്‍ സിന്ധുവിനായിരുന്നു. ഈ വര്‍ഷം ജനുവരി ആദ്യത്തില്‍ ലക്നോവില്‍ നടന്ന സെയിദ് മോദി ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് പ്രിക്സ് ജേതാവും സിന്ധുവായിരുന്നു. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള സിന്ധുവിന്റെ ലക്ഷ്യം ഒന്നാം റാങ്കാണ്. നിലവിലെ ഫോം തുടര്‍ന്നാല്‍ 21 കാരിയായ സിന്ധുവിന് ഈ ലക്ഷ്യം കൈവരിക്കാനാവും.

സ്പാനിഷ് താരമായ കരോലിന മാരിനും പിവി സിന്ധുവും നേരത്തെ ഏറ്റമുട്ടിയിരുന്നുവെങ്കിലും റിയോ ഒളിമ്പിക്സിന് ശേഷമാണ് പോരാട്ടത്തിന് വീറും വാശിയും അതോടൊപ്പം കാണികള്‍ക്ക് ആവേശവും കൈവരുന്നത്.

ഇന്ത്യന്‍ ഓപ്പണില്‍ സിന്ധുവിന്റെ കന്നിക്കിരീടത്തിനാണ് ഇന്ന് ഡല്‍ഹി സിരിഫോര്‍ട്ട് സ്പോര്‍ട്സ് കോംപ്ലക്സ് സാക്ഷിയായത്. അതും ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മാരിനെ തോല്‍പിച്ച്. ജയത്തോടെ 2016ലെ ഒളിമ്പിക്സ് ഫൈനലിലെ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി.

Top