നിലമ്പൂരില്‍ പി.വി അന്‍വറിന്റെ രണ്ടാം ജയം ലീഗ് വോട്ടിന്റെ കരുത്തില്‍ !

നിലമ്പൂര്‍: വി.വി പ്രകാശുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നിലമ്പൂരില്‍ പി.വി അന്‍വറിന് 2700 വോട്ടുകളോടെ വിജയം നേടിയത് മുസ്ലിം ലീഗ് വോട്ടിന്റെ കരുത്തില്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ആര്യാടന്‍മാര്‍ പ്രകാശിനു വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടും ലീഗ് കേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ചയാണ് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ ആര്യാടന്‍ ഷൗക്കത്തിനെതിരെ അന്‍വര്‍ നേടിയ 11504 വോട്ടിന്റെ ഭൂരിപക്ഷം മൂവായിരത്തില്‍ താഴെയായി കുറക്കാനായത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാനുള്ളത്.

നിലമ്പൂര്‍ തിരിച്ചുപിടിക്കാന്‍ ഡി.സി.സി പ്രസിഡന്റായിരുന്ന വി.വി.പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ലീഗിന്റെ ഇടപെടലും ഉണ്ടായിരുന്നു. പ്രകാശാണെങ്കില്‍ വിജയം ഉറപ്പെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ നിലപാട്. പി.വി അബ്ദുല്‍വഹാബും ലീഗ് നേതൃത്വവും സ്വന്തം സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് പ്രകാശിനെ കൊണ്ടുനടന്നത്. ഫലപ്രഖ്യാപനത്തിന്റെ രണ്ടു ദിവസം മുമ്പെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.വി പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത് യു.ഡി.എഫ് ക്യാമ്പിനെ കണ്ണീരിലാഴ്ത്തിയിരുന്നു. നിലമ്പൂരില്‍ വിജയം ഉറപ്പിച്ച മട്ടിലായിരുന്നു യു.ഡി.എഫ്.
പി.വി അന്‍വറിനെതിരായ വിവാദങ്ങളും ആഫ്രിക്കയിലെ സ്വര്‍ണഖനനം അടക്കമുള്ള നിരവധി വിഷയങ്ങളാണ് പ്രചരണായുധമായി ഉണ്ടായിരുന്നത്.

എന്നാല്‍ അന്‍വറിനെതിരെ വിവാദവിഷയങ്ങളൊന്നും തൊടാതെയുള്ള പ്രചരണമായിരുന്നു യു.ഡി.എഫ് നടത്തിയത്. ഇത് അന്‍വറിന് രക്ഷയായി. വി.വി പ്രകാശ് ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയെന്ന ആരോപണം ഉയര്‍ത്തി അന്‍വര്‍ ആഞ്ഞടിച്ചപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. സ്വന്തം വോട്ട് പ്രകാശിന് ഉറപ്പിക്കാന്‍ ലീഗിന് കഴിഞ്ഞതുമില്ല. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് അന്‍വറിന് ഭൂരിപക്ഷം ലഭിച്ചത്. ലീഗ് ശക്തികേന്ദ്രമായ വഴിക്കടവില്‍ 3000 വോട്ടിന് പ്രകാശ് ലീഡ് ചെയ്യുമെന്നായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകിടം മറച്ച് ഇവിടെ 35 വോട്ടിന് അന്‍വര്‍ മുന്നേറുകയായിരുന്നു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായി യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് വഴിക്കടവ്. ഇവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിന് ലഭിച്ചിരുന്നു
കോണ്‍ഗ്രസ് ശക്തികേന്ദ്രമായ മൂത്തേടത്താണ് 1803 വോട്ടിന്റെ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ പ്രകാശിന് കഴിഞ്ഞത്.
സ്വന്തം നാടായ എടക്കര പഞ്ചായത്തില്‍ കേവലം 97 വോട്ടിന്റെ ഭൂരിപക്ഷമേ പ്രകാശിന് ലഭിച്ചുള്ളൂ. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ ചുങ്കത്തറയിലും കേവലം 300 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്. ലീഗ് ശക്തമായ കരുളായി പഞ്ചായത്തില്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങളും മകനും പി.കെ കുഞ്ഞാലിക്കുട്ടിയും വരെ പ്രകാശിനു വേണ്ടി പ്രചരണത്തിനിറങ്ങിയിട്ടും ലീഗ് വോട്ടുകള്‍ കൂട്ടത്തോടെ അന്‍വറിന് ലഭിച്ചു. കരുളായിയില്‍ 1446 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്‍വര്‍ നേടിയത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മില്‍ നിന്നും യു.ഡി.എഫ് ഭരണം പിടിച്ചെടുത്ത പഞ്ചായത്താണ് കരുളായി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ 2300 റോളം വോട്ടിന് എല്‍.ഡി.എഫ് ലീഡ് നേടിയ നിലമ്പൂര്‍ നഗരസഭയില്‍ കഴിഞ്ഞ തവണ 2772 വോട്ടിന്റെ ലീഡാണ് അന്‍വറിനുണ്ടായിരുന്നത്. ഇത് 1513 ആക്കി കുറക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. എന്നാല്‍ നിലമ്പൂര്‍ നഗരസഭയിലെ ലീഗ് കേന്ദ്രങ്ങളില്‍ അന്‍വറാണ് നേട്ടം കൊയ്തത്. പോസ്റ്റല്‍ ബാലറ്റിലടക്കം 92 വോട്ടിന്റെ ലീഡ് പ്രകാശിനായിരുന്നു. എന്നാല്‍ ലീഗ് കേന്ദ്രങ്ങളിലെ പാലം വലിയാണ് അപ്രതീക്ഷിത പരാജയത്തിനിടയാക്കിയത്. നിലമ്പൂരില്‍ ആകെ പോള്‍ ചെയ്ത 169461 വോട്ടുകളില്‍ 81227 വോട്ടുകള്‍ പി.വി അന്‍വറിനും 78527 വോട്ടുകള്‍ വി.വി പ്രകാശിനും ലഭിച്ചു.

ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 3689 വോട്ടുകളുടെയും എസ്.ഡി.പി.ക്ക് 1502 വോട്ടിന്റെയും കുറവുണ്ടായി.
2016 എന്‍.ഡി.എക്കു വേണ്ടി ബി.ഡി.ജെ.എസ് 12284 വോട്ടാണ് നേടിയത്. ഇത്തവണ വോട്ടുവര്‍ധനയുണ്ടായിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. ടി.കെ അശോക് കുമാറിന് 8595 വോട്ടുകളേ ലഭിച്ചുള്ളൂ. ബി.ജെ.പി വോട്ടുകള്‍ പ്രകാശിന് അനുകൂലമായപ്പോള്‍ എസ്.ഡി.പി.ഐ വോട്ടുകള്‍ അന്‍വറിന് മറിയുകയായിരുന്നു. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി ബാബു മണി കഴിഞ്ഞ തവണ 4751 വോട്ടു നേടിയപ്പോള്‍ ഇത്തവണ ബാബു മണി തന്നെ വീണ്ടും മത്സരിച്ചിട്ടും 3249 വോട്ടേ ലഭിച്ചുള്ളൂ. മുസ്ലിം ലീഗ് ദേശീയ ട്രഷററും രാജ്യസഭാ എം.പിയുമായ അബ്ദുല്‍വഹാബിന്റെ തട്ടകമായ നിലമ്പൂരില്‍ വഹാബും അന്‍വറും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.

കഴിഞ്ഞ തവണ ആര്യാടന്‍ ഷൗക്കത്തിനെ കാലുവാരിയതിലും അന്‍വര്‍- വഹാബ് കൂട്ടുകെട്ടായിരുന്നെന്നതും പരസ്യമായ രഹസ്യമാണ്. അന്‍വറിന്റെ നിയമലംഘനങ്ങളില്‍ പ്രതിഷേധിച്ച് അന്‍വറിനെ ബഹിഷ്‌ക്കരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചപ്പോള്‍ അന്‍വറുമായി വേദി പങ്കിട്ട് ഈ നീക്കം പൊളിച്ചത് വഹാബായിരുന്നു. കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം പുനരധിവാസത്തിനായി പി.വി അന്‍വര്‍ റീബില്‍ഡ് നിലമ്പൂരെന്ന പേരില്‍ പണപ്പിരിവു നടത്തിയപ്പോള്‍ അതിന്റെ രക്ഷാധികാരിയും വഹാബായിരുന്നു. റീബില്‍ഡ് നിലമ്പൂരിന്റൈ പേരില്‍ നടത്തിയ ഭൂമികച്ചവടം മലപ്പുറം കളക്ടര്‍ തുറന്നുപറഞ്ഞിട്ടും കോണ്‍ഗ്രസും ലീഗും പരസ്യമായി തള്ളിപ്പറഞ്ഞിട്ടും പദ്ധതിയുടെ രക്ഷാധികാരി സ്ഥാനം കൈയ്യൊഴിയാന്‍ വഹാബ് തയ്യാറായിരുന്നില്ല.

സര്‍വ്വകക്ഷിയോഗത്തില്‍ പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ കളിയാക്കിയും വഹാബ് നടത്തിയ പ്രസംഗവും വിവാദമായിരുന്നു. ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ ഇടപെട്ടതോടെ വഹാബ് മജീദിനോട് മാപ്പുപറയേണ്ടിയും വന്നു. വഹാബിനെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി കവളപ്പാറയില്‍ നിന്നും മലപ്പുറം കളക്ടറേറ്റിലേക്ക് ലോങ് മാര്‍ച്ചും നടത്തി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ പൊന്നാനിയില്‍ ഇ.ടി മുഹമ്മദിനെതിരെ മത്സരിച്ചപ്പോള്‍ അന്‍വറിനെതിരെ പ്രചരണത്തിന് ആര്യാടന്‍ മുഹമ്മദും ആര്യാടന്‍ ഷൗക്കത്തും സജീവമായിരുന്നു. നിലമ്പൂരിലെ തോല്‍വിക്ക് പകരം വീട്ടാന്‍ പൊന്നാനിയില്‍ അന്‍വറിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. വി. അബ്ദുറഹിമാന്‍ കാല്‍ലക്ഷം വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട പൊന്നാനിയില്‍ ഇതോടെ രണ്ടു ലക്ഷത്തോളം വോട്ടുകളുടെ കനത്ത പരാജയമാണ് അന്‍വര്‍ ഏറ്റുവാങ്ങിയത്.

പൊന്നാനിയില്‍ കോണ്‍ഗ്രസ് നല്‍കിയ പിന്തുണയും സഹായവും നിലമ്പൂരില്‍ തിരികെ നല്‍കാതെ ലീഗ് കാലുവാരി എന്നതാണ് നിലമ്പൂരില്‍ അന്‍വറിന്റെ രണ്ടാം വിജയം തെളിയിക്കുന്നത്. ആര്യാടന്‍ മത്സരിക്കുമ്പോള്‍ നിലമ്പൂരില്‍ ലീഗിലെ ഒരു വിഭാഗം കാലുവാരുമ്പോഴും കാന്തപുരം എ.പി സുന്നിവിഭാഗത്തിന്റെ ഉറച്ച പിന്തുണയും ക്രിസ്ത്യന്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണവുമാണ് കോണ്‍ഗ്രസിനെ തുണച്ചിരുന്നത്. എന്നാല്‍ ഇത്തവണ അന്‍വറിനെതിരെ ഇത്തരത്തിലുള്ള ഏകീകരണം തടഞ്ഞത് മുസ്ലിം ലീഗ് പ്രചരണ നേതൃത്വം ഏറ്റെടുത്തതാണെന്ന ആക്ഷേപം കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നു കഴിഞ്ഞു.

നിലമ്പൂരില്‍ ലീഗ് പാലംവലിച്ചതിന് പ്രതികാരമായി കോണ്‍ഗ്രസ് പാലം വലിച്ചാല്‍ പെരിന്തല്‍മണ്ണ, മങ്കട, ഏറനാട്, തിരൂരങ്ങാടി, മഞ്ചേരി, വള്ളിക്കുന്ന്, കൊണ്ടോട്ടി, കോട്ടക്കല്‍, തിരൂര്‍ അടക്കം പത്തോളം മണ്ഡലങ്ങള്‍ ലീഗിന് നഷ്ടമാകും. ആര്യാടനെതിരെ കൊമ്പുകോര്‍ത്തിരുന്ന കെ.പി.എ മജീദിനെതിരെ കോണ്‍ഗ്രസ് പാലം വലിച്ചപ്പോഴാണ് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗ് കോട്ടയായ മഞ്ചേരിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി ടി.കെ ഹംസ വിജയിച്ചത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും തിരൂരില്‍ ഇ.ടി മുഹമ്മദ് ബഷീറും മങ്കടയില്‍ എ.കെ മുനീറും തോറ്റ് നിയമസഭയില്‍ കേവലം 7 എം.എല്‍.എമാര്‍ മാത്രമായി ഒതുങ്ങിയ തിരിച്ചടിയും മുസ്ലിം ലീഗ് ഏറ്റുവാങ്ങിയിട്ടുണ്ട്.

അവിടെ നിന്നും 20 എം.എല്‍.എമാരുമായി ശക്തമായ നിലയിലേക്ക് ഉയര്‍ന്നത് മലപ്പുറത്ത് കോണ്‍ഗ്രസിന്റെ പിന്തുണകൊണ്ട് കൂടിയാണ്. ഇത്തവണ ഇടതുതരംഗത്തിലും മലപ്പുറത്ത കഴിഞ്ഞ തവണത്തെ സീറ്റുകളൊന്നും നഷ്ടമാകാതെ ലീഗ് പിടിച്ചുനിന്നെങ്കിലും താനൂരിലെ തോല്‍വിയും പെരിന്തല്‍മണ്ണയിലെ തലനാരിഴക്ക് നേടിയ വിജയവും തിരൂരങ്ങാടിയിലെ തിളക്കമില്ലാത്ത വിജയവുമെല്ലാം മുസ്ലിം ലീഗിന് ശക്തമായ തിരിച്ചടിയാണ്.

 

Top