ഇടതുപക്ഷത്തിന് ബാധ്യതയായി അൻവർ, ഇമേജ് തകർത്തത് മലപ്പുറം കളക്ടർ !

സിപിഎമ്മിനും ഇടതുപക്ഷത്തിനും ‘കുരിശാണിപ്പോള്‍’ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സര്‍ക്കാരിനും മുന്നണിക്കും ഇതുപോലെ ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു എം.എല്‍.എയും ഉണ്ടായിട്ടില്ല.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ജനപ്രതിനിധിക്കുമെതിരെ ഇതുവരെ ഉയരാത്ത ആരോപണമാണ് നിലമ്പൂരിലെ സി.പി.എം സ്വതന്ത്രന്‍ പി.വി അന്‍വറിനെതിരെ മലപ്പുറം കളക്ടര്‍ ജാഫര്‍മാലിക് ഉയര്‍ത്തിയിരിക്കുന്നത്.

സംഭാവനയായി ലഭിച്ച ഭൂമി സര്‍ക്കാരിനെകൊണ്ട് വിലക്കുവാങ്ങിക്കാന്‍ പി.വി അന്‍വര്‍ എം.എല്‍.എ സമ്മര്‍ദ്ദം ചെലുത്തിയെന്നും അതിന് താന്‍ വഴങ്ങിയില്ലെന്നുമാണ് കളക്ടര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

എടക്കര ചെമ്പന്‍കൊല്ലിയില്‍ 34 ആദിവാസി കുടുംബങ്ങള്‍ക്ക് ഫെഡറല്‍ ബാങ്ക് നിര്‍മ്മിച്ച് കൊടുക്കുന്ന വീടുകളുടെ നിര്‍മ്മാണം പി.വി അന്‍വര്‍ എം.എല്‍.എ തടഞ്ഞതിനു പിന്നാലെയാണ് ഈ സംഭവം. പ്രളയപുനരധിവാസത്തിന് സൗജന്യമായി ലഭിച്ച സ്ഥലം സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് വാങ്ങുതിന് പി.വി അന്‍വര്‍ എം.എല്‍.എ നിര്‍ബന്ധിച്ചതായ ഗുരുതരമായ വെളിപ്പെടുത്തലാണ് മലപ്പുറം കളക്ടര്‍ നടത്തിയിരിക്കുന്നത്.

സര്‍ക്കാരിന് ആറു കോടിയോളം രൂപ അനാവശ്യ നഷ്ടമുണ്ടാക്കുന്ന നടപടി തടയുകമാത്രമാണ് ചെയ്തതെന്നാണ് കളര്‍ക്ടര്‍ പറയുന്നത്. പ്രളദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യലല്ല തന്റെ ജോലിയെന്നാണ് കളക്ടര്‍ തുറന്നടിച്ചിരിക്കുന്നത്. ഇക്കാര്യം എംഎല്‍എയുടെ മുഖത്തുനേക്കി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നാണ് അന്‍വര്‍ പറഞ്ഞത്. എന്നാല്‍ പരാതി നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കളക്ടര്‍ സ്വീകരിച്ചിരിക്കുന്നത്.

സ്പോണ്‍സര്‍ഷിപ്പായി ലഭിച്ച 12 ഏക്കര്‍ ഭൂമി, വീടു നഷ്ടപ്പെട്ടവര്‍ക്ക് ആറു ലക്ഷത്തിന് പ്ലോട്ടായി വില്‍ക്കാന്‍ കഴിയുന്നത് എങ്ങിനെയാണെന്നാണ് കളക്ടറുടെ ചോദ്യം. ഇക്കാര്യം തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഇടപാടില്‍ പണംവാരാനായി ചിലര്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും കളക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ക്കെതിരെ കളക്ടര്‍ക്ക് വക്കീല്‍ നോട്ടീസയച്ച അന്‍വര്‍, ആദിവാസികള്‍ക്ക് ഭൂമി വാങ്ങിയതിലെ നടപടിക്രമങ്ങള്‍പാലിച്ചില്ലെന്നും അഴിമതിയുണ്ടെന്നും കാണിച്ച് വിജിലന്‍സിനും പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. ഇത് നല്ലപിള്ള ചമയുന്നതിനുവേണ്ടിയാണെന്നാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പോലും കരുതുന്നത്.

ജില്ലാ കളക്ടറും ഇടതുസ്വതന്ത്ര എം.എല്‍.എയും നടത്തിയ ആരോപണ പ്രത്യാരോപണങ്ങളില്‍ സി.പി.എം നേതൃത്വമാണിപ്പോള്‍ വെട്ടിലായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം എം.എല്‍.എ തടഞ്ഞ ആദിവാസികളുടെ വീടിന്റെ പണിയിപ്പോള്‍ എന്തായാലും പുനരാരംഭിച്ചിട്ടുണ്ട്.

കവളപ്പാറക്കാര്‍ക്ക് വീടു നല്‍കിയിട്ട് മതി ചെമ്പന്‍കൊല്ലിയില്‍ ചളിക്കല്‍ ആദിവാസികോളനിക്കാര്‍ക്കുള്ള വീടുപണിയെന്നായിരുന്നു അന്‍വര്‍ കടുംപിടുത്തം പിടിച്ചിരുന്നത്. എന്നാല്‍ കവളപ്പാറ കോളനി മൂപ്പന്‍ ചാത്തന്റെ നേതൃത്വത്തില്‍ 11 കുടുംബങ്ങള്‍ എം.എല്‍.എയെ തള്ളി കളക്ടറുടെ നിലപാടിനൊപ്പമാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലിയിലെ ഭൂമി തങ്ങള്‍ക്കുവേണ്ടെന്നും അത് ചളിക്കല്‍ കോളനിക്കാര്‍ക്ക് നല്‍കണമെന്നും പോത്തുകല്‍ പഞ്ചായത്തില്‍ തന്നെ സ്ഥലവും വീടും വേണമെന്നുമാണ് മൂപ്പനും കവളപ്പാറക്കാരും രേഖാമൂലം കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ, കവളപ്പാറ ദുരന്തത്തിന് ഇരയായവര്‍ക്ക് പോത്തുകല്ല് പഞ്ചായത്തിലെ ഞെട്ടിക്കുളത്ത് ഒമ്പത് ഏക്കര്‍ ഭൂമി ന്യായവിലക്ക് വാങ്ങുന്നതിനും എം.എല്‍.എ എതിരുനില്‍ക്കുകയാണെന്ന ആരോപണവുമായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതനും രംഗത്തെത്തിയിട്ടുണ്ട്.

വിവാദങ്ങള്‍ അരങ്ങ്തകര്‍ക്കവെ റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയില്‍ ലഭിച്ച പണത്തിന്റെ വിവരവും ഭൂമിയുടെ വിവരവും എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.

നിലമ്പൂരിന് 4000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പറഞ്ഞ് തുടങ്ങിയ റീബില്‍ഡ് നിലമ്പൂരില്‍, അഞ്ച് മാസം കൊണ്ട് പിരിഞ്ഞുകിട്ടിയത് കേവലം 23.90 ലക്ഷം രൂപയാണ്. റീബില്‍ഡ് ഫണ്ടിലേക്ക് എം.എല്‍.എ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും ഇതുവരെ വന്നിട്ടില്ല. ഈ കണക്ക് സി.പി.എം നേതൃത്വത്തെയും സര്‍ക്കാരിനെയുമാണ് നാണം കെടുത്തിയിരിക്കുന്നത്.

പ്രളയപുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് സി.പി.എമ്മും സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷ നേതാവും എം.എല്‍.എമാരുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ശമ്പളം പോലും നല്‍കിയിരുന്നത്. എന്നാല്‍ അന്‍വര്‍ പാര്‍ട്ടിയുമായി ആലോചിക്കാതെ സ്വന്തം നിലക്കാണ് ജോയിന്റ് റീബില്‍ഡ് നിലമ്പൂര്‍ കമ്മിറ്റി ഉണ്ടാക്കിയിരുന്നത്. ഇതില്‍ പി.വി അബ്ദുല്‍വഹാബ് രക്ഷാധികാരിയും പി.വി അന്‍വര്‍ ചെയര്‍മാനും പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരന്‍ പിള്ള കണ്‍വീനറുമാണ്. അന്‍വറിന്റെയും കരുണാകരന്‍ പിള്ളയുടെയും പേരില്‍ അക്കൗണ്ട് തുടങ്ങിയാണ് പണപ്പിരിവ് നടത്തിയിരുന്നത്.

ആഗസ്റ്റ് 16ന് തുടങ്ങിയ അക്കൗണ്ടില്‍ അഞ്ചുമാസം കൊണ്ട് കേവലം 23.90 ലക്ഷം മാത്രം ലഭിച്ചപ്പോള്‍ പ്രളയ പുനരധിവാസത്തിന് മലപ്പുറം ജില്ലയില്‍ നിന്നും രണ്ട് ദിവസം കൊണ്ട് സി.പി.എം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച് നല്‍കിയത് 1.20 കോടി രൂപയായിരുന്നു. പി.വി അന്‍വറില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനചെയ്യാന്‍ സര്‍ക്കാരും സി.പി.എമ്മും ആവശ്യപ്പെടുമ്പോഴാണ് സി.പി.എം സ്വതന്ത്ര എം.എല്‍.എതന്നെ സ്വന്തം പേരിലുള്ള ജോയിന്റ് അക്കൗണ്ടുവഴി പണം പിരിച്ചിരുന്നത്.

അന്ന് എം.എല്‍.എയെ വിലക്കാതെ മൗനം പാലിച്ചതാണ് ഇടതുപക്ഷത്തിനിപ്പോള്‍ വിനയായിരിക്കുന്നത്. കവളപ്പാറയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീടുണ്ടാകുന്നതുവരെ വാടക വീടുകളിലേക്ക് താമസം മാറ്റാന്‍ സഹായം നല്‍കുന്നത് സുമനസുകളും, നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കുമാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഒരു രൂപപോലും റീബില്‍ഡ് നിലമ്പൂര്‍ അക്കൗണ്ടില്‍ നിന്നും ചെലവഴിച്ചിട്ടില്ല. ഇതുവരെ റീബില്‍ഡ് നിലമ്പൂര്‍ കമ്മിറ്റിയുടെ യോഗം വിളിക്കുകയോ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ലഭിച്ച പണത്തിന്റെയും ഭൂമിയുടെയോ കണക്ക്പോലും അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. അതേസമയം സുമനസുകളും സന്നദ്ധ സംഘടനകളും നിര്‍മ്മിക്കുന്ന വീടുകള്‍പോലും റീബില്‍ഡ് നിലമ്പൂരിന്റെ അക്കൗണ്ടിലാക്കിയിരിക്കുകയാണിപ്പോള്‍.

പ്രളയപുനരധിവാസത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിന് മെല്ലെപ്പോക്കുണ്ടെങ്കില്‍ അതിനുത്തരവാദി എം.എല്‍.എതന്നെയാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം വിളിച്ചും മന്ത്രി തലത്തില്‍ ഇടപെട്ടും വേഗത നല്‍കേണ്ടത് എം.എല്‍.എയുടെ ഉത്തരവാദിത്വമാണ്. കളക്ടറെ പഴിചാരി രക്ഷപ്പെടുന്നത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടം തന്നെയാണ്.

നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ 59 പേര്‍ മരണപ്പെട്ടപ്പോള്‍ വയനാട്ടിലെ പുത്തുമലയില്‍ 17 പേരുടെ ജീവനാണ് നഷ്ടമായിരുന്നത്. ഒരേ ദിവസം നടന്ന ഈ ദുരന്തത്തില്‍, കവളപ്പാറക്കാര്‍ക്ക് പുനരധിവാസം എവിടെയുമെത്താത്തതിനാല്‍ കണ്ണീര്‍ സമരം വരെ നടത്തേണ്ടി വന്നിട്ടുണ്ട്. പുത്തുമലയിലാവട്ടെ വീടു നഷ്ടപ്പെട്ടവര്‍ക്ക് മാതൃകാഗ്രാമംവരെ തയ്യാറാക്കി അവിടെ വീടുപണി ആരംഭിച്ചിരിക്കുകയാണ്. സി.പി.എം എം.എല്‍.എ സി.കെ ശശീന്ദ്രനാണ് പുത്തുമലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നത്.

പി.വി അന്‍വര്‍ കണ്ടു പഠിക്കേണ്ടത് ശശീന്ദ്രനെയാണ്. സൗജന്യമായി ലഭിച്ച ഭൂമി സര്‍ക്കാരിനെക്കൊണ്ട് വിലക്ക് വാങ്ങിക്കുന്ന തട്ടിപ്പല്ല പുത്തുമലയില്‍ നടക്കുന്നത്. 8.40 ഏക്കര്‍ഭൂമി ഏറ്റെടുത്ത് 56 കുടുംബങ്ങള്‍ക്ക് 6.5 സെന്റ് വീതമുള്ള പ്ലോട്ടുകളായാണ് സ്ഥലം തിരിച്ചിരിക്കുന്നത്. ഇവിടെ വീടാവശ്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷവും നല്‍കുന്നുണ്ട്.

മാതൃകാഗ്രാമത്തില്‍ ആരോഗ്യകേന്ദ്രവും കുടിവെള്ള പദ്ധതിയും അംഗണ്‍വാടിയും കളിസ്ഥലവും എല്ലാമുണ്ട്. ഇവിടെ പുനരധിവാസ പജദ്ധതിക്കായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും കളക്ടര്‍ അദീല അബ്ദുള്ളയും ഒറ്റ മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂരിലാകട്ടെ പി.വി.അന്‍വര്‍ എം.എല്‍.എയും കളക്ടറും അഴിമതി ആരോപണവും പോര്‍വിളിയുമായി തമ്മിലടിക്കുകയുമാണ്. ഇതാണിപ്പോള്‍ വിരോധാഭാസമായി മാറിയിരിക്കുന്നത്.

Political Reporter

Top