‘ക്വാറി ഇടപാടിൽ ഇഡി ചോദ്യം ചെയ്ത പി വി അൻവ‍ർ വിശുദ്ധനാകാൻ ശ്രമിക്കുന്നു’; കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം : പി വി അൻവറിനെതിരെ വിമ‍ര്‍ശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. കർണാടകയിലെ ക്വാറിയിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് അൻപത് ലക്ഷം തട്ടിയെന്ന കേസിൽ ഇ ഡി ചോദ്യം ചെയ്ത, എംഎൽഎ ആയിരിക്കെ സിയറ ലിയോണിൽ സ്വർണ്ണ ഖനനം നടത്താൻ പോയ പി വി അൻവറെല്ലാം ഏഷ്യനെറ്റ് ന്യൂസിനെതിരെ കേസ് കൊടുത്ത് വിശുദ്ധനാകാൻ ശ്രമിക്കുന്ന സാഹചര്യം കേരളത്തിൽ ജനാധിപത്യം എത്തിനിൽക്കുന്ന പടുകുഴിയുടെ ആഴം എടുത്ത് കാണിക്കുന്നതാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി പ്രതികരിച്ചു.

പത്രസ്വാതന്ത്ര്യമെന്നാൽ പിണറായി വിജയൻ ചിരിച്ചു പൂഞ്ചിരി തൂകി നിൽക്കുന്ന ചിത്രം നാലുനേരം സംപ്രേഷണം ചെയ്യുന്നതാണ് എന്ന അഭിനവ കമ്യൂണിസ്റ്റ് തത്വമാണ് ഏഷ്യാനെറ്റിന് നേരെ നടക്കുന്ന സൈബർ ആക്രമണവും സിപിഎം പാർട്ടിയുടെ നേരിട്ടുള്ള ആക്രമണവും സൂചിപ്പിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പോരാളികൾ എന്ന് സ്വയം വിശ്വസിക്കുന്ന ഇടതു മുന്നണി തങ്ങളുടെ താൽപര്യങ്ങൾക്ക് എതിരെ നിൽക്കുന്ന വാർത്തകൾ വന്നാൽ അവരെ സമൂഹത്തിന് മുന്നിൽ താറടിച്ചു കാണിക്കുന്ന നെറികേട് പാരമ്പര്യമായി നടത്തിവരികയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഏഷ്യനെറ്റ് എക്സിക്യൂട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാറിനോട് കോഴിക്കോട് ഹാജരാകാൻ ആവശ്യപ്പെട്ടത് തികഞ്ഞ ഭരണകൂട ഭീകരതയാണെന്നും ജനങ്ങൾ ഇടതു മുന്നണി എന്ന ഫാസിസ്റ്റ് ശക്തിയുടെ ഭീകര മുഖം തിരിച്ചറിയണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

Top