അന്‍വറിനെ ന്യായീകരിക്കാതെ സിപിഎം, കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടും !

ന്‍വറിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വം തകിടം മറിച്ചത് ഇടതുപക്ഷത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെയാണ്.

പൊന്നാനിയില്‍ മാത്രമല്ല, സംസ്ഥാനത്തെ മറ്റ് എല്ലാ മണ്ഡലങ്ങളിലും ഈ വിവാദ എം.എല്‍.എയെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.

ഇടതുപക്ഷത്ത് ഇപ്പോഴും ചില മൂല്യങ്ങള്‍ നഷ്ടമാവാതെ ഉണ്ടെന്ന് കരുതുന്ന ജനവിഭാഗത്തെ പോലും ഇടതുപക്ഷത്ത് നിന്നും അകറ്റാനേ ഈ സ്ഥാനാര്‍ത്ഥിത്വം ഉപകരിക്കൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ അഭിപ്രായപ്പെടുന്നത്.

ഉത്തരേന്ത്യന്‍ ശൈലിയില്‍ പണം വാരി വിതറിയും ഗുണ്ടായിസം കാണിച്ചും കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പും ജയിക്കാന്‍ കഴിയില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

നിലമ്പൂരില്‍ നിന്ന് അന്‍വര്‍ എം.എല്‍.എ ആയി ജയിച്ചത്, പൊതുവെ ഇടതുപക്ഷത്തിന് അനുകൂലമായ ട്രന്റ് നിലനിന്ന സാഹചര്യത്തിലായിരുന്നു. മാത്രമല്ല ആര്യാടന്റെ കുത്തക മണ്ഡലത്തിലെ പാളയത്തില്‍ പടയും യു.ഡി.എഫിന് തിരിച്ചടിയായി. ഇവിടെ അന്‍വര്‍ അല്ല മറ്റ് ഏത് സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കിലും വിജയിക്കുമായിരുന്നു എന്ന അഭിപ്രായം നിലമ്പൂരിലെ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ വ്യാപകമാണ്.

എം.എല്‍.എ ആയതിനു ശേഷം അന്‍വര്‍ കാട്ടിക്കൂട്ടിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയും മുന്നണിയും നാണം കെടേണ്ട സാഹചര്യം ഉണ്ടായതായും സി.പി.എം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി ഭരിക്കുമ്പോള്‍ തന്നെ അന്‍വറിന് കേസില്‍ പ്രതിയാകേണ്ട സാഹചര്യം വന്നു. വിവാദങ്ങളുടെ തോഴനായ ഈ എം.എല്‍.എയെ മുന്‍ നിര്‍ത്തിയാണ് മറ്റ് മണ്ഡലങ്ങളില്‍ പോലും യു.ഡി.എഫ് ഇപ്പോള്‍ പ്രചരണ തന്ത്രം മെനയുന്നത്.

അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം എത്രമാത്രം സി.പി.എമ്മില്‍ തന്നെ ഭിന്നത ഉണ്ടാക്കിയിരുന്നു എന്നതിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം തന്നെ തെളിവാണ്.

ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ ഒരിക്കല്‍ പോലും അന്‍വറിനെതിരായ ആക്ഷേപങ്ങളെ ന്യായീകരിക്കാന്‍ ആനത്തലവട്ടം ആനന്ദന്‍ തയ്യാറായില്ല.

വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകള്‍ നഷ്ടമായാലും പാര്‍ട്ടിക്കും മുന്നണിക്കും ലഭിക്കുന്ന വോട്ടുകള്‍ കൊണ്ട് വിജയിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവച്ചത്.

“തിരഞ്ഞെടുപ്പ് വരുമ്പോള്‍ സംശുദ്ധമായ പാല് പോലെ വെളുത്ത ചില സ്ഥാനാര്‍ത്ഥികളെയും ആരോപണ വിധേയരേയും കിട്ടും, എന്നാല്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന മുന്നണിയുടെ രാഷ്ട്രീയത്തിനും ആശയത്തിനുമാണ് ഭൂരിപക്ഷം ജനങ്ങളും വിധിയെഴുതുക” എന്നാണ് ആനത്തലവട്ടം പറഞ്ഞത്. അന്‍വറിനെതിരെ ആക്ഷേപം ഉണ്ട്. കുറ്റം തെളിഞ്ഞാല്‍ അയാള്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി വിരുദ്ധ ഇടപെടലുകളിലൂടെയും നിയമവിരുദ്ധ നിര്‍മ്മാണങ്ങളിലൂടെയും സാമ്പത്തിക തട്ടിപ്പിലൂടെയും വില്ലനായ അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയ സി.പി.എം നടപടിയെ മാധ്യമങ്ങളും ചോദ്യം ചെയ്ത് തുടങ്ങിയത് ഇടതുപക്ഷത്തെ സംബന്ധിച്ച് തുടക്കത്തിലേ കനത്ത പ്രഹരമായിട്ടുണ്ട്.

വരും ദിവസങ്ങളില്‍ പ്രചരണ ചൂട് കൂടുന്നതോടെ പൊന്നാനിയില്‍ മാത്രമല്ല, മറ്റു മണ്ഡലങ്ങളിലും ഈ ആരോപണങ്ങള്‍ക്ക് സി.പി.എം നേതൃത്വം മറുപടി പറയേണ്ടി വരും.

ചാലക്കുടിയില്‍ ഇന്നസെന്റിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുമ്പോള്‍ അന്‍വറിനെ സ്വതന്ത്ര ചിഹ്നത്തില്‍ ഒതുക്കിയതില്‍ മാത്രമാണ് അണികള്‍ക്ക് അല്പമെങ്കിലും ആശ്വസിക്കാന്‍ വകയുള്ളത്. അല്ലെങ്കില്‍ പാപക്കറ അരിവാളിലും പടരുമായിരുന്നു എന്ന് സ്വയം പറഞ്ഞാണ് അവര്‍ ആശ്വസിക്കുന്നത്.

പൊന്നാനി ലോകസഭ മണ്ഡലത്തിലെ പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കുന്ന കാര്യത്തിലും ഇനി സി.പി.എം നേതൃത്വത്തിന് നല്ല വിയര്‍പ്പൊഴുക്കേണ്ടി വരും. താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാനോ മന്ത്രി കെ.ടി ജലീലോ പൊന്നാനിയില്‍ മത്സരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മണ്ഡലത്തിലെ സി.പി.എം പ്രവര്‍ത്തകര്‍.

സംസ്ഥാന നേതൃത്വത്തില്‍ നിന്നും അന്‍വറിന്റെ കാര്യത്തില്‍ പുനഃപരിശോധന നടത്താനുള്ള നിര്‍ദ്ദേശം വന്നിട്ടും ജില്ലയിലെ നേതൃത്വം വീണ്ടും അന്‍വറിന്റെ പേര് തന്നെ നിര്‍ദ്ദേശിച്ചത് പ്രാദേശിക നേതാക്കളെയും പ്രകോപിപ്പിച്ചിട്ടുണ്ട്.

പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും പ്രവര്‍ത്തകര്‍ ഒടുവില്‍ അത് അംഗീകരിക്കുമെന്നും എന്നാല്‍ ജനങ്ങള്‍ അംഗീകരിച്ച് കൊള്ളണമെന്നില്ലെന്നുമാണ് പ്രാദേശിക നേതാക്കളുടെ അഭിപ്രായം.

അതേസമയം, അന്‍വറിന്റെ പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിത്വം എല്ലാ ലോകസഭ മണ്ഡലങ്ങളിലും പ്രചരണ വിഷയമാക്കാന്‍ യു.ഡി.എഫ് നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്.

ബി.ജെ.പിയും ഇക്കാര്യം പ്രചരണ വിഷയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ സിപിഎമ്മിന്റെ തനിനിറം പുറത്തായിരിക്കുകയാണ് എന്നാണ് പ്രതിപക്ഷ വാദം. ശബരിമല വിഷയവും കാസര്‍ഗോഡ് ഇരട്ട കൊലപാതകവുമാണ് പ്രതിപക്ഷത്തിന്റെ മറ്റു പ്രചരണ വിഷയങ്ങള്‍.

പൊന്നാനിയില്‍ ചരിത്രപരമായ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നാല്‍ സി.പി.എമ്മില്‍ അത് വലിയ പൊട്ടിത്തെറിയില്‍ തന്നെ കലാശിക്കാനാണ് സാധ്യത.

political reporter

Top