അൻവറിനെ ഇനിയും സഹിക്കരുതെന്ന്, സി.പി.എമ്മിൽ പുതിയ പടയൊരുക്കം . . .

നിലംബൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ ഒരു കാരണവശാലും സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടില്‍ ഒടുവില്‍ സി.പി.എമ്മും എത്തുന്നു. സി.പി.ഐ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് ഇനിയും ഈ ‘കുരിശ് ‘ ചുമക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സി.പി.എമ്മിലെ പ്രബല വിഭാഗം എത്തിയത്.

വാ പോയ കോടാലി പോലെ അന്‍വര്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ക്ക് സി.പി.എമ്മിന് ഉത്തരവാദിത്വമില്ലന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. അന്‍വറിനെ നിയന്ത്രിക്കാന്‍ പറ്റിയില്ലങ്കില്‍ തള്ളിക്കളയുക എന്ന നിലപാടിലേക്ക് സി.പി.എം എത്തിയതായാണ് സൂചന.

പി.വി അന്‍വര്‍ വയനാട് സീറ്റിനായി കോണ്‍ഗ്രസുമായി നടത്തിയ രഹസ്യ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് സി.പി.ഐ നിലപാടെടുത്തതും അന്‍വറിനെ വെട്ടിലാക്കിയിട്ടുണ്ട്. സി.പി.ഐ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയും വയനാട് ലോക്സഭാമണ്ഡലം ഇടതുസ്ഥാനാര്‍ത്ഥിയുമായ പി.പി സുനീര്‍ മുസ്ലിം ലീഗിലേക്കാണെന്നും തന്നേക്കാള്‍ താല്‍പര്യം സി.പി.ഐക്ക് ലീഗിനോടാണെന്നുമുള്ള അന്‍വറിന്റെ അഭിമുഖമാണ് സി.പി.ഐ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നത്.

മുന്നണി മര്യാദ കണക്കിലെടുത്താണ് അന്‍വറിനെതിരെ പ്രതികരിക്കാത്തതെന്നും ഇങ്ങനെയെങ്കില്‍ വയനാട് സീറ്റിനായി ആദ്യം സി.പി.ഐയെ സമീപിച്ചതും, നല്‍കാനാവില്ലെന്നു പറഞ്ഞതോടെ കോണ്‍ഗ്രസുമായി രഹസ്യചര്‍ച്ച നടത്തിയതടക്കം വെളിപ്പെടുത്തേണ്ടിവരുമെന്നും സിപിഐ നേതൃത്വം സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പി.വി അന്‍വറിനെ പരനാറിയെന്നു വിളിച്ച് എ.ഐ.വൈ.എഫ് പൊന്നാനിയിലും മലപ്പുറത്തും അന്‍വറിന്റെ കോലംകത്തിച്ച് പ്രകടനം നടത്തിയതും സ്ഥിതി വശളാക്കിയിട്ടുണ്ട്.

മഞ്ഞളാംകുഴി അലിയുടെ വഴിയില്‍ അന്‍വറിന്റെ പോക്ക് യു.ഡി.എഫിലേക്കാണെന്നാണ് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ സമദ് പരസ്യമായി പ്രതികരിച്ചത്. സി.പി.ഐ ജില്ലാ സെക്രട്ടറി കൃഷ്ണദാസ് അന്‍വറിനെതിരെ മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് ആഞ്ഞടിച്ചത്.

സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ പി.വി അന്‍വറിന്റെ പ്രസ്താവനകള്‍ മുന്നണി മര്യാദക്ക് യോജിച്ചതല്ലെന്നും മേലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് വിലക്കിയിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് തന്നെ രംഗത്ത് വരികയുണ്ടായി. സി.പി.ഐക്കെതിരായ അന്‍വറിന്റെ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണ്. ഇത് പാര്‍ട്ടിയോട് ആലോചിച്ചിട്ടല്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

അന്‍വറിന്റെ കോണ്‍ഗ്രസ് ചര്‍ച്ച സി.പി.എമ്മിലും ചൂടുപിടിക്കുകയാണ്. വയനാട് സീറ്റ് സി.പി.ഐ വിട്ടുനല്‍കില്ലെന്നു വന്നതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി അന്‍വര്‍ രഹസ്യചര്‍ച്ച നടത്തിയെന്നാണ് സി.പി.ഐ നേതൃത്വത്തിനു ലഭിച്ച വിവരം.

സ്വതന്ത്ര എം.എല്‍.എയായ അന്‍വര്‍ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും നിലമ്പൂരില്‍ രാജിവെക്കുമ്പോള്‍ പകരം ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിക്കുകയും ചെയ്യാമെന്നതായിരുന്നുവത്രേ ഫോര്‍മുല. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. അന്‍വറിനെ ഒപ്പംകൂട്ടിയുള്ള ഒരു ഇടപാടും വേണ്ടെന്ന നിലപാടായിരുന്നു ആര്യാടന്റേത്.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കം അടഞ്ഞതോടെയാണ് അന്‍വര്‍ പൊന്നാനിയിലേക്കു പിടിച്ചത്. പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുമ്പു തന്നെ മലപ്പുറത്തെ ചില മാധ്യമപ്രവര്‍ത്തകരോട് താന്‍ തന്നെയാണ് പൊന്നാനിയിലെ ഇടതു സ്ഥാനാര്‍ത്ഥിയെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. സി.പി.എം സംസ്ഥാന നേതൃത്വവും ജില്ലാ ഘടകവും ചര്‍ച്ച നടത്തും മുമ്പു തന്നെ അന്‍വര്‍ എങ്ങിനെ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു എന്ന സി.പി.ഐയുടെ ചോദ്യവും ഗൗരവമായാണ് സി.പി.എം നേതൃത്വം കാണുന്നത്.

രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ തന്നെ വിജയിപ്പിക്കണമെന്ന അന്‍വറിന്റെ പ്രസംഗം നാക്കുപിഴച്ചതല്ലെന്നും ആസൂത്രിതമായി നടത്തിയതാണെന്ന നിഗമനത്തിലാണിപ്പോള്‍ സി.പി.ഐ. വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയെ പിന്തുണക്കുന്ന നിലപാടാണ് അന്‍വര്‍ സ്വീകരിച്ചത്. നിലമ്പൂരില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍പോലും അന്‍വര്‍ എത്തിയില്ല.

മറ്റിടങ്ങളില്‍ മത്സരിക്കുന്ന ഇടതു എം.എല്‍.എമാര്‍ അവരുടെ മണ്ഡലങ്ങളിലും ലോക്സഭാ സ്ഥാനാര്‍ത്ഥിക്കു വേണ്ടി വോട്ടുതേടിയെപ്പോള്‍ അന്‍വര്‍ നിലമ്പൂരിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ല. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായും അന്‍വര്‍ ചര്‍ച്ച നടത്തിയെന്ന രഹസ്യം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നും സി.പി.ഐക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്.

മുന്‍ കോണ്‍ഗ്രസുകാരനായ പി.വി അന്‍വര്‍ 2011ല്‍ ഏറനാട് മണ്ഡലത്തില്‍ നിന്നും സി.പി.ഐ സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെങ്കിലും അവസാന നിമിഷം അന്‍വറിനെ പാര്‍ട്ടി തള്ളുകയായിരുന്നു. ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് വാര്‍ത്താസമ്മേളനത്തിനായി സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയപ്പോഴാണ് തിരുവനന്തപുരത്തുനിന്നും അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന നിലപാടറിയിച്ചതെന്ന് അന്‍വര്‍ തന്നെ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അന്ന് വ്യക്തമാക്കിയിരുന്നു.

ഏറനാട്ടില്‍ സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ഇവിടെ സി.പി.എം വോട്ട് അന്‍വറിനു ലഭിച്ചപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.ഐയിലെ അഷ്റഫലി കാളിയത്ത് 2,700 വോട്ടുമായി കെട്ടിവെച്ച കാശുപോലും കിട്ടാതെ ബി.ജെ.പിക്കും പിന്നില്‍ നാലാമനായി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഏറനാട്ടില്‍ മുസ്ലിം ലീഗിലെ പി.കെ ബഷീര്‍ 11,246 വോട്ടുകള്‍ക്കാണ് വിജയിച്ചിരുന്നത്.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും വീണ്ടും സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ ഇവിടെ ഇടതുപക്ഷത്തിന്റെ തോല്‍വിക്കും കാരണക്കാരനായി. വയനാട്ടില്‍ കോണ്‍ഗ്രസിലെ എം.ഐ ഷാനവാസ്, സി.പി.ഐയിലെ സത്യന്‍മൊകേരിക്കെതിരെ 20,870 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വജയിച്ചത്. സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ 37,123 വോട്ടു നേടിയിരുന്നു. അന്‍വറിന്റെ വോട്ടുകള്‍ അനുകൂലമായിരുന്നെങ്കില്‍ വയനാട്ടില്‍ ഇടതുപക്ഷത്തിന് വിജയിക്കാമായിരുന്നു.

തികച്ചും അപ്രതീക്ഷിതമായാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്ന് പി.വി അന്‍വര്‍ 2016ല്‍ നിലമ്പൂരില്‍ ഇടത് സ്വതന്ത്രനായി എത്തിയത്. കോണ്‍ഗ്രസില്‍ കാലുവാരലുണ്ടായതോടെ ആര്യാടന്‍ ഷൗക്കത്തിനെ 11,504 വോട്ടിന് തോല്‍പ്പിച്ച് അന്‍വര്‍ അട്ടിമറി വിജയം നേടുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ അന്‍വറിനു ലഭിച്ച 11,504 വോട്ടില്‍ കുറവുണ്ടായാല്‍ കോണ്‍ഗ്രസിലേക്കുള്ള അടിയൊഴുക്കും ധാരണയും വ്യക്തമാകുമെന്ന നിലപാടിലാണ് സി.പി.ഐ നേതൃത്വം.

അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധമാണ് അന്‍വറിനുള്ളത്. അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിനെതിരെ വി.ടി ബല്‍റാം നിയമസഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചപ്പോള്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ അന്‍വര്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ചെന്നിത്തല തയ്യാറായിരുന്നില്ല.

അന്‍വറിന്റെ നിയമലംഘനത്തിനെതിരെ കോണ്‍ഗ്രസില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും വി.ടി ബല്‍റാം എം.എല്‍.എയും നിലമ്പൂരിലെ കോണ്‍ഗ്രസ് നേതൃത്വവും മാത്രമാണ് രംഗത്തുവന്നത്.

അന്‍വറിനെതിരെ കോടതിയെ സമീപിക്കുമെന്നും സമരം നടത്തുമെന്നും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടും ഉണ്ടായില്ല. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖും വഴിപാട് സമരം നടത്തി പിന്‍മാറുകയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരും വിവരാവകാശ കൂട്ടായ്മ, കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രന്‍, ക്രഷര്‍ തട്ടിപ്പിനിരയായ പ്രവാസി എന്‍ജിനീയര്‍ സലീം എന്നിവര്‍ മാത്രമാണ് അന്‍വറിനെതിരെ നിയമനടപടികളുമായി ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

Express Kerala View

Top