സി.പി.എമ്മിനെ നാണംകെടുത്തി വീണ്ടും അന്‍വര്‍; ഹൈക്കോടതി ഇടപെടലില്‍ പൊളിഞ്ഞത് രക്ഷിക്കാനുള്ള പോലീസ് നീക്കം

anwar

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ 50 ലക്ഷത്തിന്റെ ക്വാറി തട്ടിപ്പില്‍ ഹൈക്കോടതിയുടെ ക്രൈം ബ്രാഞ്ച് അന്വേഷണ ഉത്തരവില്‍ പൊളിഞ്ഞത് ക്രിമിനല്‍കേസ് സിവിലാക്കി എം.എല്‍.എയെ രക്ഷിച്ചെടുക്കാനുള്ള പോലീസ് നീക്കം.

സി.പി.എം അനുഭാവിയായ പ്രവാസി എന്‍ജിനീയര്‍ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീമിനെ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്താണ് അന്‍വര്‍ പണം തട്ടിയത്. പോലീസില്‍ പരാതിനല്‍കിയിട്ടും നടപടിയില്ലാതായതോടെ സലീം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ 21നാണ് മഞ്ചേരി പോലീസ് പി.വി അന്‍വര്‍ എം.എല്‍.എയെ പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തത്. അന്‍വറിനെതിരെ തെളിവുകളെല്ലാം ശേഖരിച്ചെങ്കിലും അറസ്റ്റു രേഖപ്പെടുത്താതെ എം.എല്‍.എയുടെ മൊഴിയെടുത്ത് വഞ്ചനാകുറ്റത്തിനുള്ള ക്രിമിനല്‍ കേസ് സിവില്‍ കേസാക്കി മാറ്റാന്‍ കോടതിയില്‍ റിപ്പോര്‍്ട്ട് നല്‍കുകയായിരുന്നു മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ബി ഷൈജു.

മഞ്ചേരി പോലീസില്‍ നിന്നും കേസ് ഡയറി അടക്കം വിളിച്ചു വരുത്തി പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എബ്രഹാം മാത്യു സലീമിന്റെ പരാതി ന്യായമാണെന്നു വിലയിരുത്തിയത്. സ്വാധീനമുള്ള എം.എല്‍.എ പ്രതിയായതിനാലാണ് പോലീസ് നടപടിയെടുക്കാതിരുന്നതെന്നു നിരീക്ഷിച്ച കോടതി അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സി.ബി.സി.ഐ.ഡി വിഭാഗത്തിനു കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നല്‍കുകയായിരുന്നു.

നിലമ്പൂരില്‍ എം.എല്‍.എയായതിനു ശേഷം രണ്ടു ക്രിമിനല്‍ കേസുകളിലാണ് അന്‍വര്‍ പ്രതിയായത്. പൂക്കോട്ടുംമ്പാടത്തെ റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അന്‍വറിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. കേസെടുത്ത പൂക്കോട്ടുംപാടം എസ്.ഐ അമൃത്‌രംഗനെ മൂന്നു ദിവസത്തിനകം സ്ഥലം മാറ്റിയില്ലെങ്കില്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ എസ്.ഐയെ മാറ്റാന്‍ ആഭ്യന്തരവകുപ്പ് തയ്യാറായില്ല. രണ്ടു വര്‍ഷം കഴിഞ്ഞ ശേഷമാണ് എസ്.ഐ സ്ഥലം മാറിപ്പോയത്. 50 ലക്ഷത്തിന്റെ ക്വാറി തട്ടിപ്പില്‍ കോടതി നിര്‍ദ്ദേശ പ്രകാരം വഞ്ചനാകുറ്റത്തിന് അന്‍വറിനെതിരെ രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു. ഇതിനു പുറമെ ചീങ്കണ്ണിപ്പാലിയില്‍ കാട്ടരുവിയില്‍ നിയമംലംഘിച്ച് കെട്ടിയ തടയണപൊളിച്ചുനീക്കാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ അന്‍വറിന്റെ ഭാര്യാപിതാവ് ഹൈക്കോടതിയില്‍ നിന്നും നേടിയ സ്‌റ്റേക്കെതിരെ റവന്യൂ വകുപ്പും ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. നിയമംലംഘിച്ച് നിര്‍മ്മിച്ച കക്കാടംപൊയിിലിലെ വിവാദവാട്ടര്‍തീം പാര്‍ക്ക് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പരിധിയില്‍ കവിഞ്ഞ ഭൂമി സ്വന്തമാക്കിയതിന് അന്‍വറിനെതിരെ കേസെടുക്കാന്‍ സംസ്ഥാന ലാന്റ് ബോര്‍ഡ് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡിന് ഉത്തരവും നല്‍കിയിട്ടുണ്ട്.

35 വര്‍ഷം ആര്യാടന്‍ മുഹമ്മദ് കുത്തകയാക്കിവെച്ചിരുന്ന നിലമ്പൂരില്‍ ആര്യാടന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് അന്‍വര്‍ സി.പി.എമ്മിന് അട്ടിമറി വിജയം നേടിക്കൊടുത്തത്. മുന്‍ കോണ്‍ഗ്രസുകാരനായ അന്‍വര്‍ സി.പി.എം എം.എല്‍.എയായിട്ടും ഭൂമിപിടുത്തവും സാമ്പത്തിക തട്ടിപ്പും തുടര്‍ന്ന് കേസില്‍പ്പെടുന്നതാണ് സി.പി.എമ്മിന് നാണക്കേടാകുന്നത്. പലതവണ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടും അന്‍വര്‍ നിലമ്പൂരില്‍ സ്വന്തം വഴിക്കാണ് നീങ്ങുന്നത്.

Top