എന്തുകൊണ്ട് എം.എൽ.എയുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തില്ല ? കോടതി റിപ്പോർട്ട് തേടി

anwar

നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഓട്ടോ ഡ്രൈവര്‍ പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ അന്‍വറിന്റെ രണ്ടു സഹോദരീപുത്രന്‍മാരടക്കം നാലു പ്രതികളെ ഉന്നത രാഷ്ട്രീയ ബന്ധം കാരണം അറസ്റ്റ് ചെയ്യുന്നില്ലെന്നു കാണിച്ച് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നല്‍കിയ ഹര്‍ജിയില്‍ രണ്ടു ദിവസത്തിനകം പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

ഏഴിന് പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനാണ് മജിസ്‌ട്രേറ്റ് ഇ.വി റാഫേല്‍ ഉത്തരവിട്ടിരിക്കുന്നത്. 1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. കേസിലെ ഒന്നാം പ്രതിയായ അന്‍വറിന്റെ സഹോദരി പുത്രന്‍മാരായ മാലങ്ങാടന്‍ ഷെഫീഫ്, മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്. മറ്റു പ്രതികളായ മുനീര്‍, കബീര്‍ എന്നിവരാണ് കൊലപാതകം നടന്ന് 23 വര്‍ഷമായിട്ടും ഒളിവില്‍ കഴിയുന്നത്.

വിചാരണ നേരിട്ടതില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍ എം.എല്‍.എ. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്ന് അന്‍വര്‍ അടക്കം 21 പ്രതികളെയും വിചാരണക്കോടതി വെറുതെവിടുകയായിരുന്നു. അന്‍വര്‍ അടക്കമുള്ളവരെ വെറുതെവിട്ട ജില്ലാ സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.

അന്‍വറിന്റെ സഹോദരീപുത്രനായ മാലങ്ങാടന്‍ ഷെരീഫ് സൗദി അറേബ്യയില്‍ ബിസിനസ് നടത്തുകയാണെന്നും ആറുമാസത്തെ ഇടവേളകളില്‍ നേപ്പാള്‍ വഴിയും കോയമ്പത്തൂര്‍ വഴിയും നാട്ടില്‍ വന്നുപോകുന്നതായും അബ്ദുല്‍ റസാഖിന്റെ ഹര്‍ജിയില്‍ പറയുന്നു. പ്രതികള്‍ക്ക് ഭരണകക്ഷിനേതൃത്വവും പൊലീസിലെ ഉന്നതരുമായുള്ള ബന്ധവും കാരണമാണ് ഇതുവരെയും പ്രതികളെ പിടികൂടാത്തതെന്നും ചൂണ്ടികാട്ടുന്നു. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി വിമാനത്താവളങ്ങളില്‍ നിരീക്ഷിച്ച് മലപ്പുറം എസ്.പിയുടെ മേല്‍നോട്ടത്തില്‍ വാറണ്ട് നടപ്പാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മനാഫിന്റെ പിതൃസഹോദരി ഭര്‍ത്താവായിരുന്ന സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി കുറുക്കന്‍ ഉണ്ണിമുഹമ്മദിന്റെ സഹോദരന്‍ കുട്ട്യാലിയുടെ 10 ഏക്കര്‍ ഭൂമി ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ച പ്രശ്‌നത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്‍വറിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം തമ്പടിച്ചതായി ഉണ്ണിമുഹമ്മദ് 1995 ഏപ്രില്‍ 12ന് രാത്രി മനാഫിന്റെ വീട്ടിലെത്തി അറിയിച്ചശേഷം മനാഫിന്റെ ഓട്ടോയില്‍ മടങ്ങിപോകുന്നതിനിടെ ഓട്ടോ തടഞ്ഞ് അന്‍വറിന്റെ സഹോദരീ പുത്രന്‍ മാലങ്ങാടന്‍ ഷിയാദ് ഉണ്ണി മുഹമ്മദിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതു തടഞ്ഞ മനാഫുമായി ഷിയാദ് ഉന്തും തള്ളുമായി. ഇതില്‍ പ്രതികാരം തീര്‍ക്കാന്‍ പിറ്റേദിവസം പി.വി അന്‍വറിന്റെയും ഷിയാദിന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം മനാഫിന്റെ വീട്ടിലെത്തി മനാഫിന്റെ സഹോദരി അടക്കമുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ മനാഫ് ഓട്ടോയില്‍ ഒതായി അങ്ങാടിയിലെത്തിയപ്പോള്‍ കാറിലും ജീപ്പിലും ബൈക്കുകളിലുമായെത്തിയ സംഘം മനാഫിനെ മര്‍ദ്ദിച്ചു. തടയാനെത്തിയ മനാഫിന്റെ പിതാവ് ആലിക്കുട്ടിക്കും മര്‍ദ്ദനമേറ്റു. ആലിക്കുട്ടിയുടെ കണ്‍മുന്നിലാണ് മനാഫിനെ കുത്തികൊലപ്പെടുത്തിയത്.

പട്ടാപ്പകല്‍ രാവിലെ 11 മണിക്ക് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതി വെറുതെവിട്ടത്. നിലവിലെ ഹൈക്കോടതി ഡി.ജി.പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ) സി. ശ്രീധരന്‍ നായരായിരുന്നു അന്ന് മനാഫ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാനുള്ള ശ്രമമോ പ്രോസിക്യൂട്ടറുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മനാഫിന്റെ ബന്ധുക്കള്‍ തന്നെ ആരോപിച്ചിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചാണ് പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്ന ഗുരുതരമായ ആരോപണമാണ് ഇവര്‍ ഉയര്‍ത്തിയത്.

Top