നിലമ്പൂരിൽ രണ്ട് പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുത്ത് അൻവറിന്റെ ഉപകാര സ്മരണ

നിലമ്പൂര്‍ : നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കക്കാടംപൊയിലില്‍ വാട്ടര്‍തീം പാര്‍ക്കും ചീങ്കണ്ണിപ്പാലിയില്‍ തടയണയുംകെട്ടി ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയ പി.വി അന്‍വര്‍ എം.എല്‍.എ നിലമ്പൂരില്‍ കോണ്‍ഗ്രസുകാരെ കാലുമാറ്റി രണ്ടു പഞ്ചായത്തുകളില്‍ ഭരണം പിടിച്ചു.

ഉരുള്‍പൊട്ടല്‍ പരമ്പരയെ തുടര്‍ന്ന് കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് ജില്ലാ കളക്ടര്‍ അടച്ചുപൂട്ടിയപ്പോള്‍ പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ടിരുന്നു അന്‍വര്‍. കോണ്‍ഗ്രസില്‍ നിന്നും മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്നംഗങ്ങളെ കാലുമാറ്റിച്ച് നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പോത്തുകല്‍, അമരമ്പലം പഞ്ചായത്ത് ഭരണമാണ് അന്‍വര്‍ സി.പി.എമ്മിനായി നേടിക്കൊടുക്കുന്നത്.

പോത്തുകല്‍ മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന്‍പിള്ളയെ രാജിവെപ്പിച്ച് ഇടതുപക്ഷത്തിന്റെ പഞ്ചായത്ത് പ്രസിഡന്റാക്കി മാറ്റി. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച കരുണാകരന്‍പിള്ളയെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കാനുള്ള നിയമനടപടികള്‍ നീളുന്നതിനാല്‍ അതുവരെ കരുണാകരന്‍പിള്ളയെ പ്രസിഡന്റാക്കി ഇടതുപക്ഷത്തിന് പോത്തുകല്‍ പഞ്ചായത്ത് ഇനി ഭരിക്കാം.

കോണ്‍ഗ്രസ് ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ഭരിച്ച അമരമ്പലം പഞ്ചായത്തില്‍ രണ്ടു കോണ്‍ഗ്രസ് അംഗങ്ങളെയാണ് അന്‍വര്‍ കാലുമാറ്റി സി.പി.എം പാളയത്തിലെത്തിച്ചത്.

സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചൊവ്വാഴ്ച ചര്‍ച ചെയ്യാനിരിക്കെ പത്തൊമ്പതാം വാര്‍ഡായ നരിപൊയിലില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗവും പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ടി പി ഹംസയാണ് കോണ്‍ഗ്രസില്‍ നിന്ന് നാടകീയമായി രാജിവെച്ചത്. പിവി അന്‍വര്‍ എം എല്‍ എക്കൊപ്പം നിലമ്പൂര്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഹംസ രാജി പ്രഖ്യാപിച്ചത്.

അതേസമയം പഞ്ചായത്തംഗത്വം രാജിവെക്കാത്തതിനാല്‍ ചൊവ്വാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഹംസ പങ്കെടുക്കും. യുഡിഎഫിലെ സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ അനിതാ രാജു കഴിഞ്ഞ ദിവസം പഞ്ചായത്തംഗത്വം രാജിവെച്ചിരുന്നു. 19 അംഗ പഞ്ചായത്ത് ഭരണ ഭരണസമിതിയില്‍ നിലവില്‍ ഇരുമുന്നണികള്‍ക്കും 8 വീതം അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ് അംഗമായ ടി പി ഹംസ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യുന്നതോടെ യു ഡി എഫിന് ഭരണം നഷ്ടമാവുകയും ചെയ്യും.

പാര്‍ട്ടിക്ക് പഞ്ചായത്ത് ഭരണം പിടിച്ചു നല്‍കി തന്റെ നിയമലംഘനങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണയാണ് അന്‍വര്‍ തേടുന്നത്. അതേസമയം കോണ്‍ഗ്രസുകാരെ കാലുമാറ്റിച്ച് പഞ്ചായത്തുകളില്‍ ഭരണം പിടിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയും സി.പി.എം നേതൃത്വത്തിനുണ്ട്. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും അഴിമതിക്കാരനായി മുദ്രകുത്തി രാജിക്കായി പ്രക്ഷോഭം നടത്തിയ കോണ്‍ഗ്രസ് നേതാവായിരുന്ന കരുണാകരന്‍പിള്ളയെയാണ് പോത്തുകല്ലില്‍ പാര്‍ട്ടി പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്റാക്കിയത്. അമരമ്പലത്ത് കോണ്‍ഗ്രസ് ചിഹ്നത്തില്‍ വിജയിച്ച അംഗങ്ങള്‍ പിന്തുണച്ച് ഭരണം നേടിയാലും അയോഗ്യത വരുന്നതോടെ രണ്ടിടത്തും പഞ്ചായത്ത് ഭരണം നഷ്ടമാകും.

Top