പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പോരാട്ടവുമായി കോണ്‍ഗ്രസില്‍ പോര്‍മുഖം തുറന്ന് സുധീരന്‍

തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയെ പരിസ്ഥിതി സമിതിയില്‍ നിന്നും നീക്കാനുള്ള പോരാട്ടവുമായി കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറന്ന് വി.എം സുധീരന്‍. അന്‍വറിനെതിരെ കുറ്റകരമായ മൗനം പാലിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമെതിരെയാണ് പോരാട്ടവുമായി സുധീരന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ കെട്ടിയ തടയണ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചതോടെ അന്‍വറിനെ അടിയന്തിരമായി പരിസ്ഥിതി സമിതിയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് സുധീരന്‍ സ്പീക്കര്‍ക്കും മുഴുവന്‍ എം.എല്‍.എമാര്‍ക്കും കത്തയച്ച് ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. രണ്ടാം തവണയാണ് സുധീരന്‍ ഈ ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ക്ക് കത്തു നല്‍കിയത്. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ പി.വി അന്‍വര്‍ സഭയിലെത്താതെ തടയണപൊളിക്കുന്ന സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ വിരട്ടിയിട്ടും ഇക്കാര്യം സഭയില്‍ ഉന്നയിക്കാന്‍പോലും പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ശ്രമിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മലപ്പുറത്ത് പരിസ്ഥിതി പ്രവര്‍ത്തകരുടെ സമരസംഗമം ഉദ്ഘാടനം ചെയ്ത സുധീരന്‍ പ്രത്യക്ഷ സമരത്തിനും നേതൃത്വം നല്‍കി.

തന്റെ പാര്‍ട്ടി അധികാരത്തിലായാലും പ്രതിപക്ഷത്തായാലും പരിസ്ഥിതിയടക്കമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ജനങ്ങളുടെ പക്ഷത്തു നിന്നു പൊരുതുമെന്ന് സുധീരന്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു. പരിസ്ഥിതി നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എ നിയമസഭാ പരിസ്ഥിതി സമിതി അംഗമായിരിക്കുന്നത് രാജ്യത്തിനുതന്നെ മാതൃകയായ കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണെന്നാണ് മുന്‍ സ്പീക്കര്‍ കൂടിയായിരുന്ന സുധീരന്‍ വ്യക്തമാക്കിയത്.

അന്‍വറിനെ പരിസ്ഥിതി സമിതിയില്‍ നിന്നും പുറത്താക്കാന്‍ സ്പീക്കര്‍ തയ്യാറായില്ലെങ്കില്‍ നിയമസഭയില്‍ ജനാധിപത്യത്തിന്റെ മരണമണിയായിരിക്കും മുഴങ്ങുകയെന്ന സുധീരന്റെ വാക്കുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെയുമാണ് വേട്ടയാടുന്നത്. ഭരണപക്ഷ എം.എല്‍.എക്കെതിരെ ഹൈക്കോടതി നടപടിയടക്കം ഗുരുതരമായ പ്രശ്‌നങ്ങളുയര്‍ന്നിട്ടും നിശബ്ദത പാലിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലും അപസ്വരമായി ഉയരുന്നുണ്ട്.

കക്കാടംപൊയിലില്‍ നിയമങ്ങളെല്ലാം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും രണ്ടാം ഭാര്യ പി.വി ഹഫ്‌സത്തും ചേര്‍ന്ന് വാട്ടര്‍തീം പാര്‍ക്ക് പണിതത് സംബന്ധിച്ച് കോണ്‍ഗ്രസ് യുവ എം.എല്‍.എ വി.ടി ബല്‍റാമാണ് ഒന്നര വര്‍ഷം മുമ്പ് നിയമസഭയില്‍ അടിയന്തിരപ്രമേയം അവതരിപ്പിച്ചത്. തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റവും അന്‍വറിന്റെ പാര്‍ക്കും ചേര്‍ത്തായിരുന്നു ബല്‍റാമിന്റെ അടിയന്തിരപ്രമേയം. നിയമസഭയില്‍ പി.വി അന്‍വര്‍ നല്‍കിയ മറുപടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കൊപ്പം താന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പാര്‍ക്ക് സന്ദര്‍ശിച്ച് നിയമവിരുദ്ധമായാണ് നടക്കുന്നതെന്നു പറഞ്ഞാല്‍ പാര്‍ക്ക് അടച്ചുപൂട്ടാമെന്നും അറിയിച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നെ ഈ കാര്യം മിണ്ടിയിട്ടില്ല. പലതവണ കോഴിക്കോടും മലപ്പുറത്തും വന്നെങ്കിലും പാര്‍ക്ക് സന്ദര്‍ശിക്കാനും മെനക്കെട്ടില്ല.

തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനും ലോകായുക്തക്കും പരാതി നല്‍കിയ ചെന്നിത്തല, അന്‍വറിന്റെ പാര്‍ക്കിന്റെ കാര്യത്തില്‍ മൗനം പാലിച്ചു. അന്‍വറിനെതിരെ കോഴിക്കോട് ഡി.സി.സി സമരം നടത്തിയെങ്കിലും മലപ്പുറം ഡി.സി.സി നേതൃത്വം സമരപ്രഖ്യാപനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അന്‍വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്നും വാര്‍ത്താസമ്മേളനം നടത്തിയതല്ലാതെ ഒരു സമരവും നടത്തിയില്ല.

ഇതിനിടെ സി.പി.എം അനുഭാവിയായ പ്രവാസി എന്‍ജിനീയര്‍ മലപ്പുറം നടുത്തൊടി സലീമില്‍ നിന്നും ക്രഷര്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ പി.വി അന്‍വറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. അന്‍വര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി തള്ളി ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാന്‍ ഉത്തരവിട്ടിട്ടും എം.എല്‍.എക്കെതിരെ ഒരു പ്രസ്താവന ഇറക്കാന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. അന്‍വറിന്റെ നിയമ ലംഘനങ്ങള്‍്‌ക്കെതിരെ കോണ്‍ഗ്രസിന്റെ മൗനമാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ അന്‍വറിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കാന്‍ സഹായകമായത്. പൊന്നാനിയില്‍ അന്‍വര്‍, ഇ.ടി മുഹമ്മദ്ബഷീറിനോട് രണ്ടു ലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും അന്‍വറിനെതിരെ മിണ്ടാന്‍ മടിക്കുകയാണ് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍.

പരിസ്ഥിതി പ്രവര്‍ത്തകരാണ് ചീങ്കണ്ണിപ്പാലിയിലെ തടയണക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും പൊളിച്ചുമാറ്റാന്‍ ഉത്തരവ് നേടിയതും. ആലുവ എടത്തലയില്‍ 200 കോടി വിലമതിക്കുന്ന പാട്ടാവകാശമുള്ള വസ്തു പോക്കുവരവ് നടത്തി പി.വി അന്‍വറിന്റെ കമ്പനി സ്വന്തമാക്കിയെന്ന പരാതിയില്‍ റവന്യൂ വകുപ്പ് അന്വേഷണമാരംഭിച്ചിട്ടും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മിണ്ടുന്നില്ല. ഇടതുപക്ഷവും സി.പി.എമ്മും അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്ക് സംരക്ഷണം നല്‍കാതിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വമാണ് ഇപ്പോള്‍ അന്‍വറിനെ സംരക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുധീരന്റെ പടപ്പുറപ്പാട ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും പ്രതിരോധത്തിലാക്കുന്നത്. പരിസ്ഥിതി സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ പിന്തുണയും ഇക്കാര്യത്തില്‍ സുധീരനുണ്ട്.

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റിന്റെ വിജയം നേടിയെങ്കിലും അത് കോണ്‍ഗ്രസിന്റെ സംഘടനാ ശേഷികൊണ്ടല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് നന്നായി അറിയാം. ജനകീയ വിഷയങ്ങളില്‍ വി.എം സുധീരന്‍ ഇടപെട്ട് താരമാകുമ്പോള്‍ നിലപാടില്ലാതെ കാഴ്ചക്കാരാവുകയാണ് കോണ്‍ഗ്രസ് നേതൃത്വം. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പം സുധീരനെ കോണ്‍ഗ്രസില്‍ ശക്തനാക്കുന്നുണ്ട്. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സുധീരനുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നേതാവാണ്. ആലപ്പുഴയില്‍ സുധീരന്‍ മത്സരരംഗത്തുനിന്നും മാറിനിന്നപ്പോള്‍ പകരക്കാരനായി നിര്‍ദ്ദേശിച്ചത് കെ.സി വേണുഗോപാലിനെയാണ്. ഗ്രൂപ്പുകള്‍ക്കെതിരെ നിലപാടെടുക്കുന്ന സുധീരന് പ്രവര്‍ത്തകര്‍ക്കിടയിലും ഏറെ സ്വാധീനമുണ്ട്. സുധീരനുയര്‍ത്തുന്ന പോരാട്ടം ജനകീയ പ്രക്ഷോഭമായാല്‍ അത് തിരിച്ചടിയാവുക കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും സുധീരനെ പുകച്ച് പുറത്ത് ചാടിച്ചവര്‍ക്കായിരിക്കും.

Top