കളക്ടര്‍ അമിത് മീണ വിട പറയുന്നത് എം.എല്‍.എ അന്‍വറിനെയും വിറപ്പിച്ച് !

പി.വി അന്‍വര്‍ എം.എല്‍.എയുടെ അധികാര ഹുങ്കിന് മുന്നില്‍ മുട്ടുമടക്കാതെയാണ് അമിത് മീണ മലപ്പുറം ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധിയും വെട്ടിക്കുറച്ച ശേഷമാണ് കളക്ടര്‍ ചാര്‍ജ് വിട്ടിരിക്കുന്നത്.

ഭരണകക്ഷി എം.എല്‍.എയ്ക്കു നേരെ നിയമം നടപ്പാക്കുമ്പോള്‍ നേരിടേണ്ടി വരുന്ന എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചായിരുന്നു രാജസ്ഥാന്‍ സ്വദേശിയായ അമിത് മീണയുടെ പ്രവര്‍ത്തനങ്ങള്‍. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ നിയമം ലംഘിച്ച് യാതൊരു അനുമതികളുമില്ലാതെ പി.വി അന്‍വര്‍ തടയണ കെട്ടിയത് അന്വേഷിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അമിത് മീണ പെരിന്തല്‍മണ്ണ സബ് കളക്ടറായിരിക്കെയായിരുന്നു.

അന്‍വര്‍ നിലമ്പൂരില്‍ നിന്നും മത്സരിച്ച് എം.എല്‍.എയാകും മുന്‍പായായിരുന്നു കരാര്‍ പ്രകാരം സ്വന്തമാക്കിയ സ്ഥലത്ത് മലയിടിച്ച് കാട്ടരുവി തടഞ്ഞ് തടയണ കെട്ടിയിരുന്നത്. വനത്തിലേക്ക് ഒഴുകുന്ന, ആദിവാസികള്‍ക്കടക്കം കുടിവെള്ളമാകേണ്ട കാട്ടരുവിയില്‍ തടയണ കെട്ടിയത് അന്വേഷിക്കാനെത്തിയ സബ് കളക്ടറെ ആദിവാസികളെ ഇറക്കി തടയുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിലൊന്നും കുലുങ്ങാതെ നിയമവിരുദ്ധമായാണ് തടയണ കെട്ടിയതെന്നും പൊളിച്ചുനീക്കണമെന്നും അമിത് മീണ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി. ഭാസ്‌ക്കരന്‍ തടയണ പൊളിച്ചുമാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ തടയണ കെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയാണ് അന്‍വര്‍ ചെയ്തത്. 2016ല്‍ അന്‍വര്‍ നിലമ്പൂരില്‍ നിന്നും എം.എല്‍.എയായി വിജയച്ചതോടെ റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടത്തിന് അനുമതി വാങ്ങിയ ശേഷം തടയണക്ക് കുറുകെ റോപ് വേ കെട്ടിയും പ്രകോപനമുണ്ടാക്കി.

ജില്ലാ കളക്ടറുടെ ഉത്തരവുണ്ടായിട്ടും തടയണ പൊളിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് പരാതിയുമായെത്തിയതോടെയാണ് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സ്ഥാനത്തു നിന്നും മലപ്പുറം കളക്ടറായെത്തിയ അമിത് മീണ തടയണ പൊളിക്കാനുള്ള നടപടിക്രമങ്ങള്‍ ദ്രുതഗതിയിലാക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ വിദഗ്ദസമിതിയെ നിയോഗിക്കുകയും തെളിവെടുപ്പും മൊഴിയെടുക്കലും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ദസമിതി തടയണ നിയമവിരുദ്ധമാണെന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ദുരന്തനിവാരണ നിയമപ്രകാരം തടയണ പൊളിക്കാന്‍ അമിത് മീണ 2017 ഡിസംബര്‍ എട്ടിനാണ് ഉത്തരവിട്ടത്. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് എം.എല്‍.എയുടെ ഭാര്യാപിതാവ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയാണുണ്ടായത്. ഈ ഉത്തരവ് ആയുധമാക്കി വീണ്ടും നിയമവിരുദ്ധ പ്രവര്‍ത്തികളാണ് എംഎല്‍എയുടെ കൂട്ടാളികള്‍ നടത്തി വന്നിരുന്നത്. ഇതും ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായി. ഇതോടെ വീണ്ടും പരാതിക്കാരനായ വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷി ചേരുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടിയായിരുന്നു ഈ ഹര്‍ജി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എം.എല്‍.എയുടെ തടയണ പൊളിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തടയണ പൊളിക്കുന്നതിലെ സ്റ്റേ നീക്കാന്‍ കളക്ടര്‍ ഹൈക്കോടതിക്ക് സമര്‍പ്പിക്കാനായി നല്‍കിയ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ പൂഴ്ത്തി വയ്ക്കുകയാണുണ്ടായത്. ഇതു വിവാദമായതോടെ അഡ്വക്കേറ്റ് ജനറലില്‍ നിന്നും കേസ് സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന് കൈമാറാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇടപെട്ട് നിര്‍ദേശം നല്‍കുകയുണ്ടായി.

രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണമായും ഒഴുക്കി വിടണമെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 10ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് അതും നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്ത മണ്‍സൂണ്‍ മഴയ്ക്കു മുന്‍പ് തടയണ പൊളിച്ചു നീക്കണമെന്ന് ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമുണ്ടായി. തടയണ പൊളിച്ച് വെള്ളം ഒഴുക്കിവിടാന്‍ അന്‍വറിന്റെ ഭാര്യാപിതാവിനോട് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അക്കാര്യവും നടപ്പാക്കിയില്ല.

ഇതോടെയാണ് ജില്ലാ കളക്ടറോട് തടയണ പൊളിച്ചു മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിനുള്ള സമയപരിധി അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവു കൈപ്പറ്റിയപ്പോഴേക്കും അമിത് മീണക്ക് മലപ്പുറം കളക്ടര്‍ സ്ഥാനത്തു നിന്നും അനര്‍ട്ട് ഡയറക്ടറായുള്ള സ്ഥലമാറ്റ ഉത്തരവാണ് വന്നിരുന്നത്. പുതിയ കളക്ടര്‍ തീരുമാനമെടുക്കട്ടെ എന്നു പറഞ്ഞ് മാറ്റി വയ്ക്കാതെ ഉടന്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയറുടെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും യോഗങ്ങള്‍ വിളിച്ച് 15 ദിവസത്തിനകം തടയണപൊളിക്കാമെന്ന് ഹൈക്കോടതിയെ മീണ അറിയിച്ചു. ഇതു സംബന്ധമായ വിശദമായ റിപ്പോര്‍ട്ടും അമിത് മീണ കോടതിക്ക് കൈമാറിയിട്ടുണ്ട്.

കളക്ടറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് 15 ദിവസത്തിനകം തടയണ പൊളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും എ.കെ ജയശങ്കരന്‍ നമ്പ്യാരുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. മലപ്പുറത്ത് പുതുതായി ചുമതലയേല്‍ക്കുന്ന കളക്ടര്‍ ജാഫര്‍ മാലിക്കിന് ഇനി തടയണ പൊളിക്കാനുള്ള നടപടി സ്വീകരിച്ചാല്‍ മാത്രം മതി. അമിത് മീണ മലപ്പുറം കളക്ടറായിരിക്കെ പെരിന്തല്‍മണ്ണ സബ് കളക്ടറായിരുന്ന ജാഫര്‍ മാലിക്കും തടയണക്കെതിരെ കളക്ടര്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥനാണ്. സോഷ്യല്‍മീഡിയയില്‍ താരമാകാന്‍ തറവേലകള്‍ ചെയ്യുന്ന കളക്ടര്‍മാര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് എം.എല്‍.എയ്ക്കു മുന്നില്‍ മുട്ടിടിക്കാത്ത അമിത് മീണ ഐ.എ.എസ്.

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

Top