മിച്ചഭൂമിക്കേസില്‍ പി വി അന്‍വറിന് തിരിച്ചടി; ഭൂപരിധി നിയമം മറികടക്കാന്‍ വ്യാജരേഖ ചമച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: മിച്ചഭൂമിക്കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍. ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി വി അന്‍വര്‍ വ്യാജരേഖ ചമച്ചതായി ഓതറൈസ്ഡ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കി. കക്കാടംപൊയിലിലെ വിവാദപാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് മിച്ചഭൂമിയിലാണെന്ന വസ്തുത മറയ്ക്കാനാണ് എംഎല്‍എ വ്യാജരേഖ ചമച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

പി വി അന്‍വര്‍ മിച്ചഭൂമി കൈവശം വച്ചെന്ന് പരാതിയില്‍ എംഎല്‍എ കുറച്ചുനാളുകളായി നിയമനടപടി നേരിട്ടുവരികയായിരുന്നു. പി വി അന്‍വറിന്റെ കൈവശമുള്ള 15 ഏക്കറോളം ഭൂമി കണ്ടുകെട്ടാനും ഉത്തരവില്‍ പറയുന്നുണ്ട്. ഭൂപരിധി ചട്ടം മറികടക്കാനാണ് പിവിആര്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പില്‍ സ്ഥാപനം തുടങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പി വി അന്‍വറിന്റേയും ഭാര്യയുടേയും പേരില്‍ സ്ഥാപനം ആരംഭിച്ചതില്‍ ചട്ടലംഘനമുണ്ടായെന്നും ഇന്ന് കണ്ടെത്തിയിട്ടുണ്ട്.

പി വി അന്‍വര്‍ എംഎല്‍എയുടെ പേരിലുള്ള 15 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി ഏറ്റടുക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടിന്മേല്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ കക്ഷികള്‍ക്ക് ഏഴ് ദിവസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.

Top