തടയണ പൊളിച്ചു നീക്കണം; പിവി അന്‍വറിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്‌

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു നീക്കി അതിലെ വെള്ളം ഒഴുക്കി കളയാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

കേസ് വാദിക്കുന്നതിനിടെ ഇത്രയേറെ ദുരന്തങ്ങളുണ്ടായിട്ടും നമ്മള്‍ എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. തടയണ നിര്‍മ്മിച്ചവര്‍ തന്നെ അതു പൊളിച്ചു കളയാനുള്ള ചിലവ് വഹിക്കണമെന്നും കോടതി വ്യക്തമാക്കി.

തടയണ സ്ഥിതി ചെയ്യുന്ന കക്കടാംപൊയില്‍ ഭാഗത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായ സാഹചര്യം ചൂണ്ടി കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്.

അന്‍വറിന്റെ തടയണയില്‍ വെള്ളം കെട്ടിക്കിടപ്പുണ്ടെന്നും തടയണ സ്ഥിതി ചെയ്യുന്നതിന് പത്ത് കിലോമീറ്റര്‍ അപ്പുറത്താണ് ഇത്തവണ ഏറ്റവും വലിയ ദുരന്തമുണ്ടായതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജിക്കാരുടെ വാദം കേട്ടതിനു ശേഷമാണ് അനധികൃതമായി തടയണ നിലനിര്‍ത്തുന്നതിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചത്.

Top