റസ്റ്റോറന്റിന്റെ മറവില്‍ ഭാര്യാപിതാവിന്റെ റോപ് വെ; വീണ്ടും വിവാദത്തില്‍ കുടുങ്ങി എംഎല്‍എ

കൊച്ചി: റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് റോപ് വെ കെട്ടിയ സംഭവത്തില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് കെ.കെ ദിനേശന്‍ പഞ്ചായത്ത് സെക്രട്ടറി നല്‍കിയ വിശദീകരണം തള്ളി.

റോപ് വേ സംബന്ധിച്ച പരാതിക്കാരന്റെ ആക്ഷേപങ്ങള്‍ക്കുള്ള വിശദീകരണം റിപ്പോര്‍ട്ടില്‍ കാണുന്നില്ലെന്നു വ്യക്തമാക്കി വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വിചാരണയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് ഹാജരായില്ല.

റോപ് വെക്കെതിരെ നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് നല്‍കിയ പരാതിയിലാണ് ഓംബുഡ്സ്മാന്‍ കേസെടുത്തത്. ചീങ്കണ്ണിപ്പാലിയില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് സി.കെ അബ്ദുല്‍ ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും റസറ്റോറന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ പെര്‍മിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ റോപ് വെ നിര്‍മ്മിച്ചത്. ഇക്കാര്യം ചൂിക്കാട്ടി വിനോദ് 2017 മെയ് 18ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാന്‍ നടപടിയുണ്ടായില്ല. അഴിമതി നടത്തി റോപ് വെ പണിയാന്‍ നിയമവിരുദ്ധമായി സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതോടെയാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാനെ സമീപിച്ചത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കോഴിക്കോട് കളക്ടര്‍ അടച്ചുപൂട്ടിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും. തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ് വെയും. വനഭൂമിയോട് ചേര്‍ന്ന് റോപ് വെയും ടൂറിസം പദ്ധതിയും വരുന്നത് വനെത്തയും വന്യജീവികളെയും ദോഷകരമായി ബാധിക്കുമെന്ന് കാണിച്ച് നേരത്തെ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിവാദതടയണ പൊളിച്ച് വെള്ളം തുറന്നുവിടാന്‍ ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്. കേസ് അടുത്ത മാര്‍ച്ച് 27ന് വീണ്ടും പരിഗണിക്കും.

Top