അൻവർ പൊന്നാനിയിൽ എത്തിയപ്പോൾ, കൂടെ ഉള്ളവർ ഇടതിനെ കൈവിട്ടു

പൊന്നാനിയില്‍ പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുമുന്നണിയെ തിരിഞ്ഞുകുത്തുന്നു. കോണ്‍ഗ്രസ് വോട്ടില്‍ കണ്ണും നട്ട് പി.വി അന്‍വര്‍ പ്രചരണം തുടങ്ങിയപ്പോള്‍ മണ്ഡലത്തിലെ പരപ്പനങ്ങാടി നഗരസഭയില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണടക്കം മൂന്നു കോണ്‍ഗ്രസ് വിമത കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിലേക്കു തന്നെ മടങ്ങി. വിദേശത്തുള്ള ഒരു കൗണ്‍സിലര്‍കൂടി നാട്ടിലെത്തി കോണ്‍ഗ്രസില്‍ ചേരാനിരിക്കുകയുമാണ്. ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ പി.കെ ഭവ്യരാജ്, കൗണ്‍സിലര്‍മാരായ പി.ടി നഫീസു, ബി.പി സുഹറ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നിലമ്പൂരില്‍ എം.എല്‍.എയായശേഷം പോത്തുകല്ലിലെയും അമരമ്പലത്തെയും രണ്ട് കോണ്‍ഗ്രസ് പഞ്ചായത്തുകളാണ് കോണ്‍ഗ്രസ് അംഗങ്ങളെ കാലുമാറ്റി അന്‍വര്‍ ഇടതുപക്ഷത്തിനായി പിടിച്ചു നല്‍കിയത്. ആ തന്ത്രം പക്ഷേ പൊന്നാനി മണ്ഡലത്തില്‍ തിരിഞ്ഞുകുത്തുകയാണ്. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ തിരൂരങ്ങാടി നിയോജകമണ്ഡലത്തിലാണ് കോണ്‍ഗ്രസിന് വേരോട്ടമുള്ള പരപ്പനങ്ങാടി നഗരസഭ.

മുസ്ലിം ലീഗിന്റെ കുത്തകയായിരുന്ന പരപ്പനങ്ങാടിയില്‍ ലീഗുമായി ഇടഞ്ഞാണ് കോണ്‍ഗ്രസ് നേതാവായിരുന്ന നിയാസ് പുളിക്കലകത്ത് ഇടതുമുന്നണിയുമായി ചേര്‍ന്ന് നഗരസഭാ തെരഞ്ഞെടുപ്പില്‍ ജനകീയ വികസന മുന്നണിക്ക് രൂപം നല്‍കിയത്. കോണ്‍ഗ്രസ് വിമതരും ഇടതുപക്ഷവും ചേര്‍ന്നതോടെ മൃഗീയഭൂരിപക്ഷം പ്രതീക്ഷിച്ച യു.ഡി.എഫിന് പരപ്പനങ്ങാടി നഗരസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായി.

45 അംഗ കൗണ്‍സിലില്‍ 21 ലീഗും ഒരു കോണ്‍ഗ്രസും ഉള്‍പ്പെടെ 22 പേരും, ജനകീയ വികസന മുന്നണിയില്‍ 18ഉം ബി.ജെ.പിക്ക് നാല്, ഒരു ലീഗ് വിമതനുമായിരുന്നു വിജയിച്ചത്. ലീഗ് വിമതന്‍ ലീഗില്‍ ചേര്‍ന്നതോടെ യു.ഡി.എഫ് കക്ഷിനില 23 ആയി യു.ഡി.എഫ് ഭരണം പിടിച്ചു. മൂന്നു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൗണ്‍സല്‍മാര്‍കൂടി എത്തിയതോടെ കക്ഷിനില ഇപ്പോള്‍ 26 ആയി ഉയര്‍ന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടിയിലെ ജനകീയ വികസന മുന്നണി നേതാവ് നിയാസ് പുളിക്കലകത്തിനെയാണ് മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ ഇടതുമുന്നണി തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. 2011 ല്‍ 30,208 വോട്ടു നേടി വിജയിച്ച അബ്ദുറബ്ബിന്റെ ഭൂരിപക്ഷം നിയാസ് പുളിക്കലകത്തിന് 6043 വോട്ടായി കുത്തനെ കുറക്കാനായി.

ഇത്തവണ അന്‍വറിനു പകരക്കാരനായി നിയാസ് പുളിക്കലകത്തിനെ പൊന്നാനിക്കു പരിഗണിച്ചിരുന്നെങ്കിലും മത്സരിക്കാന്‍ വിസമ്മതിച്ചതോടെയാണ് അന്‍വറിന് നറുക്ക് വീണത്. ജനകീയ വികസന മുന്നണി പിളര്‍ത്തി കോണ്‍ഗ്രസുകാര്‍ മടങ്ങിയതോടെ പരപ്പനങ്ങാടിയില്‍ വോട്ടുചോര്‍ച്ചയുണ്ടാകുമെന്ന ഭീതിയിലാണിപ്പോള്‍ ഇടതുപക്ഷം.

Top