പാട്ടാവകാശമുള്ള സ്വത്തുക്കള്‍ കരമടച്ച് സ്വന്തമാക്കി; പി.വി അന്‍വറിന് തഹസില്‍ദാറുടെ നോട്ടീസ്

കൊച്ചി: പാട്ടക്കരാര്‍ അവകാശം മാത്രമുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തം കമ്പനിയുടെ പേരില്‍ നിയമവിരുദ്ധമായി കരമടച്ച് സ്വന്തമാക്കിയെന്ന പരാതിയില്‍ പോക്കുവരവ് ചെയ്ത രേഖകള്‍ സഹിതം നാളെ (ആഗസ്റ്റ് 17 ) രാവിലെ 11ന് നേരില്‍ ഹാജരാകാന്‍ പി.വി അന്‍വര്‍ എം.എല്‍.എക്ക് ആലുവ ഭൂരേഖ തഹസില്‍ദാരുടെ മൂന്നാമത്തെ നോട്ടീസ്.

കഴിഞ്ഞ മാസം 11ന് രേഖകള്‍ ഹാജരാക്കാന്‍ ആദ്യ നോട്ടീസ് വഴി ആവശ്യപ്പെട്ടിരുന്നെങ്കിലും പി.വി അന്‍വറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രേഖകള്‍ ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം തേടുകയായിരുന്നു. തഹസില്‍ദാരുടെ നോട്ടീസ് പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 501 ഒപ്പനക്കര സ്ട്രീറ്റ്, കോയമ്പത്തൂര്‍ എന്ന കമ്പനി വിലാസത്തില്‍ അയച്ചെങ്കിലും കൈപ്പറ്റാതെ മടങ്ങുകയായിരുന്നു. അഭിഭാഷകന്‍ നല്‍കിയ പി.വി അന്‍വര്‍, മാനേജിങ് ഡയറക്ടര്‍ പീവീസ് റിയല്‍റ്റേഴ്സ് 501, കുഴിവേലിപ്പടി, എടത്തല, എറണാകുളം എന്ന പുതിയ വിലാസത്തിലാണ് രണ്ടാമത്തെ നോട്ടീസ് അയച്ചിരുന്നത്. ആഗസ്റ്റ് ഒന്നിന് നടന്ന ഹിയറിങിലും അന്‍വറിനു വേണ്ടി ഹാജരായ അഭിഭാഷകന് രേഖകള്‍ ഹാജരാക്കാനായില്ല. വീണ്ടും സമയം ആവശ്യപ്പെട്ടതോടെ വിചാരണ 13ലേക്കു മാറ്റുകയായിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 13ന് വിചാരണ നടത്താനായില്ല തുടര്‍ന്നാണ് നാളത്തേക്ക് മാറ്റിയത്.

ആലുവ എടത്തലയിലെ സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലിനും റിസോര്‍ട്ടിനുമായി നിര്‍മ്മിച്ച എട്ടുനില കെട്ടിടം ഉള്‍പ്പെടുന്ന 11.46 ഏക്കര്‍ ഭൂമിയാണ് പി.വി അന്‍വര്‍ എം.എല്‍.എ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നികുതി അടച്ച് സ്വന്തമാക്കിയത്.

ആലുവ ഈസ്റ്റ് വില്ലേജില്‍ എടത്തലയില്‍ നാവികസേനയുടെ ആയുധ ഡിപ്പോക്ക് സമീപം ബ്ലോക്ക് 36 ല്‍ ജോയ്മത് ഹോട്ടല്‍ ആന്റ് റിസോര്‍ട്ടും ഉള്‍പ്പെടുന്ന 11.46 എക്കര്‍ ഭൂമിയുടെ 99 വര്‍ഷത്തെ പാട്ടാവകാശം മാത്രമാണ് ന്യൂഡല്‍ഹിയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ 2006 സെപ്തംബര്‍ 18ന് നടത്തിയ ലേലത്തില്‍ പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയത്.

പാട്ടകാലാവധിയില്‍ ശേഷിക്കുന്ന 86 വര്‍ഷത്തിനു ശേഷം ജോയ്മത്ത് ഹോട്ടല്‍ ആന്റ് റിസോര്‍ട്‌സിന്റെ കെട്ടിടങ്ങളും സ്ഥലവും യഥാര്‍ത്ഥ ഉടമസ്ഥനായ ജോയ്മാത്യുവിന്റെ കുടുംബത്തിനു ലഭിക്കേണ്ടതാണ്. എന്നാല്‍ പാട്ടഭൂമി ഇപ്പോള്‍ പി.വി അന്‍വര്‍ നികുതിയടച്ച് സ്വന്തമാക്കിയിരിക്കുകയാണ്. ആലുവ ഈസ്റ്റ് വില്ലേജില്‍ തണ്ടപ്പേര്‍ നമ്പര്‍ 12380 തില്‍ 2006 മുതല്‍ 2019വരെ പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടര്‍, പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് നികുതിയടച്ചിരിക്കുന്നത്.

അതേസമയം ആലുവ സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകളില്‍ ഇപ്പോഴും വസ്തുവിന്റെ ഉടമസ്ഥാവകാശം ജോയ് മാത്യുവിന്റെയും കുടുംബത്തിന്റെയും ഇന്റര്‍നാഷണല്‍ ഹൗസിങ് കോംപ്ലക്സിനാണ്. രജിസ്റ്റര്‍ ചെയ്ത ആധാരം സഹിതം വേണം പോക്കുവരവിന് അപേക്ഷ നല്‍കാനും പോക്കുവരവ് നടത്തി തണ്ടപ്പേര്‍ നമ്പറിട്ട് കരം സ്വീകരിക്കേണ്ടതും. എന്നാല്‍ പോക്കുവരവ് നടത്താനായി പി.വി അന്‍വറിന്റെയോ കമ്പനിയുടെയോ അപേക്ഷ പോലും വില്ലേജ് ഓഫീസില്‍ ഇല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.

പാട്ടഭൂമി കരമടച്ച് സ്വന്തമാക്കിയ സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്കും പി.വി അന്‍വറിനുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോയ് മാത്യുവിന്റെ ഭാര്യ ഗ്രേസ് മാത്യു എറണാകുളം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
ജോയ് മാത്യുവിന്റെ മരണശേഷം ഭൂമിക്ക് നികുതിയടക്കാനായി ഗ്രേസ് മാത്യുവും മകളും വില്ലേജ് ഓഫീസറെ സമീപിച്ചപ്പോഴാണ് ഭൂമിക്ക് പി.വി അന്‍വര്‍ നികുതിയടക്കുന്നതായുള്ള വിവരം ലഭിച്ചത്. പരാതിയില്‍ വിശദ അന്വേഷണം നടത്താനായി കളക്ടര്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ എല്‍.ആര്‍ തഹസില്‍ദാര്‍ മുമ്പാകെ ഹാജരായി ഗ്രേസ് മാത്യു തെളിവുകളും മൊഴിയും നല്‍കി. തുടര്‍ന്നാണ് രേഖകള്‍ സഹിതം ഹാജരാകാന്‍ അന്‍വറിനു നോട്ടീസ് നല്‍കിയത്.

പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്‌സ പ്രൈവറ്റ് ലിമിറ്റഡ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണ്. മസ്‌ക്കറ്റ് ബാങ്ക് ഡയറക്ടറായിരുന്ന തൃശൂര്‍ സ്വദേശി കെ.കെ. മുഹമ്മദ് അബ്ദുല്‍ റസാഖ്, അന്‍വറിന്റെ സഹോദരന്‍ പുത്തന്‍വീട്ടില്‍ അജ്മല്‍, കോഴിക്കോട് ഹല്‍വ ബസാര്‍ ചെറിയകത്ത് മുഹമ്മദ് നജീബ്, കോഴിക്കോട് കാപ്പാട് ടി.എം അഹമ്മദ് കോയ, എറണാകുളം മുളന്തുരുത്തി താനങ്ങാടന്‍ രാജു, മാഹി സ്വദേശി അബ്ദുല്‍റഹീം കാസിം, കോഴിക്കോട് പന്നിയങ്കര തിരുവണ്ണൂര്‍ സി.എ ആലിക്കോയ അടക്കം എട്ട് ഡയറക്ടര്‍മാരാണ് കമ്പനിക്കുള്ളത്.

Top