മലപ്പുറം: യു.ഡി.എഫ് ഭരണത്തില്‍ മന്ത്രിയാകാന്‍ ഏറനാട് മണ്ഡലത്തില്‍ കണ്ണുംനട്ട് പി.വി അബ്ദുല്‍വഹാബ് എം.പി. മുസ്‌ലിം ലീഗില്‍ അബ്ദുല്‍ വഹാബും പി.കെ ബഷീര്‍ എം.എല്‍.എയും തമ്മിലുള്ള പോര് മൂര്‍ഛിക്കുന്നു. മുസ്‌ലിം ലീഗില്‍ പണാധിപത്യമെന്ന പേരുദോഷവുമായി രണ്ടാം തവണയും രാജ്യസഭാ എം.പിയായ വഹാബ് ലക്ഷ്യം വെക്കുന്നത് ഏറനാട് മണ്ഡലത്തില്‍ നിന്നും എം.എല്‍.എയായി സംസ്ഥാന മന്ത്രിയാകാന്‍. രണ്ടു തവണ ഏറനാട്ടുനിന്നും എം.എല്‍.എയായ പി.കെ ബഷീറിനെ വെട്ടിനിരത്താനുള്ള അണിയറനീക്കമാണ് നടക്കുന്നത്. മുന്‍ സ്പീക്കര്‍ സമുന്നതലീഗ് നേതാവ് സീതിഹാജിയുടെ മകനായ ബഷീറിന് ലീഗണികളില്‍ വന്‍ സ്വാധീനമാണുള്ളത്. വഹാബാകട്ടെ ഒരേ സമയം സി.പി.എമ്മിലും ലീഗിലും ബന്ധംസൂക്ഷിക്കുന്ന വ്യവസായിയായതിനാല്‍ അണികള്‍ക്ക് പ്രിയങ്കരനല്ല.
പ്രമുഖപാര്‍ലമെന്റേറിയനായ ജി.എം ബനാത്ത്‌വാലയെ തഴഞ്ഞ് വ്യവസായിയായ വഹാബിന് രാജ്യസഭാംഗത്വം നല്‍കിയത് ലീഗില്‍ ഏറെ പ്രതിസന്ധിക്കിടയാക്കിയിരുന്നു. 2015ല്‍ രാജ്യസഭാ സ്ഥാനത്ത് വഹാബിന് രണ്ടാമൂഴം നല്‍കുന്നതിനെതിരെ നിലവിലെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. വഹാബിനു പകരം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ പേരായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ മുസ്‌ലിം ലീഗ് അനുകൂലികളായ ഇ.കെ സമസ്ത സുന്നി വിഭാഗത്തെ പിടിച്ച് ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയാണ് വഹാബ് എം.പി സീറ്റ് ഉറപ്പിച്ചത്. പിണറായി വിജയനുമായി രഹസ്യചര്‍ച്ച നടത്തി രാജ്യസഭാ സീറ്റില്ലെങ്കില്‍ ഇടതുപക്ഷത്തേക്ക് േേചക്കേറുമെന്ന ഭീഷണിയും ഉയര്‍ത്തി.
ബി.ജെ.പി ഭരണത്തില്‍ കേന്ദ്ര മന്ത്രിസാധ്യത മങ്ങിയതും പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായതുമാണ് വഹാബ് എം.പി സ്ഥാനം കൈവിട്ട് സംസ്ഥാനത്ത് യു.ഡി.എഫ് ഭരണത്തില്‍ മന്ത്രിയാകാന്‍ കരുക്കള്‍ നീക്കുന്നത്. സി.പി.എം ചാനലായ കൈരളിയുടെ മുന്‍ ഡയറക്ടറായ വഹാബ് മുഖ്യമന്ത്രി പിണറായി വിജയനുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന നേതാവാണ്.
നിലമ്പൂര്‍ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സമ്മേളനമടക്കം നടത്തി ലീഗ് അണികളില്‍ സ്വീകാര്യതനേടാനുള്ള ശ്രമത്തിലാണ് വഹാബ്. മുസ്‌ലിം ലീഗ് നിലമ്പൂര്‍ സമ്മേളനത്തില്‍ നിന്നും തൊട്ടടുത്തുള്ള ഏറനാട് എം.എല്‍.എ പി.കെ ബഷീറിനെ അകറ്റി നിര്‍ത്തുകയും ചെയ്തു. ബഷീറിന്റെ മണ്ഡലത്തിലെ ചാലിയാര്‍ പഞ്ചായത്തില്‍ ബഷീര്‍ അറിയാതെ ലീഗ് യോഗങ്ങള്‍ വിളിച്ചും വഹാബ് ഇടപെടല്‍ നടത്തുകയാണ്. ചാലിയാര്‍ പഞ്ചായത്തില്‍ വഹാബിന്റെ മാനേജ്‌മെന്റിലുള്ള അമല്‍കോളേജിന്റെ പരിപാടികളില്‍പോലും സ്ഥലം എം.എല്‍.എ പി.കെ ബഷീറിനെ തഴഞ്ഞ് സി.പി.എം സ്വതന്ത്രന്‍ പി.വി അന്‍വറിനെയാണ് പങ്കെടുപ്പിച്ചത്.