വിവാദത്തില്‍ വീണ്ടും ഖേദപ്രകടനവുമായി അബ്ദുൽ വഹാബ് എംപി

മലപ്പുറം : യുഡിഎഫ് നേതാക്കളെ അപമാനിച്ചും സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചും സംസാരിച്ചെന്ന വിവാദത്തില്‍ വീണ്ടും ഖേദം പ്രകടിപ്പിച്ച് പി.വി. അബ്ദുല്‍ വഹാബ് എം.പി.

കവളപ്പാറ ദുരത്തില്‍പ്പെട്ടവരടക്കം താമസിക്കുന്ന പോത്തുകല്ല് ദുരിതാശ്വാസ ക്യാംപില്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി നടത്തിയ പ്രസംഗമാണ് വിവാദമായത്. മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനേയും യുഡിഎഫിനേയും അപമാനിക്കുംവിധം പ്രസംഗിച്ചുവെന്ന് ആക്ഷേപമുയര്‍ന്നതിന് പിന്നിലെ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും പരസ്യപ്രസ്താവനയുമായെത്തിയിരുന്നു.

പാര്‍ട്ടിക്ക് അതീതമായ നിലപാടുകളിലേക്ക് പോവുന്നത് അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തന്‍റെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അബ്ദുൾ വഹാബ് എംപി വിശദമാക്കിയിരുന്നു. വെള്ളിയാഴ്ച സമൂഹമാധ്യമത്തിലെ കുറിപ്പിലും വഹാബ് ഖേദം അറിയിച്ചിരുന്നു.

വഹാബിന്റെ ഖേദപ്രകടനത്തോടെ വിഷയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും വിവാദം അവസാനിച്ചതായും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വ്യക്തമാക്കി.

Top