‘പുഴു’വിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി, ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

മ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘പുഴു’വിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് ‘യു’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ചിത്രം ഒടിടി റിലീസായി പ്രദര്‍ശനത്തിനെത്തും. റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. നാവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാകും മമ്മൂട്ടിയെത്തുക. സിനിമയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടി നെഗറ്റീവ് റോളിലോ എന്ന ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.

‘ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് ‘പുഴു’. ഷറഫ് സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്ററും ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പുഴു’വിനുണ്ട്.

നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയെടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചെയ്തത് തേനി ഈശ്വറാണ്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

Top