പുറ്റിങ്ങള്‍ വെടിക്കെട്ട്; സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച്പറ്റി, നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം തടയുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. ഇവര്‍ക്കെതിരെയുള്ള വകുപ്പുതല നടപടി എന്തെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയോട് മന്ത്രിസഭായോഗം നിര്‍ദേശിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച പി.എസ്. ഗോപിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. 2016 ഏപ്രില്‍ പത്തിന് പുലര്‍ച്ചെ 3.17ന് കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 110 പേരാണ് മരിച്ചത്. വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്ക് പറത്തി വിട്ട വെടി പൊട്ടിക്കാന്‍ വച്ചിരുന്ന പടക്കങ്ങളുടെ ഇടയിലേക്ക് വീണാണ് അപകടമുണ്ടായത്. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം തകര്‍ന്നാണ് നിരവധി ആളുകള്‍ മരിച്ചത്.

എഴുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. നൂറിലധികം വീടുകള്‍ തകര്‍ന്നു. വെടിക്കെട്ടിനു മുന്നോടിയായി അമ്പലത്തിന്റെയും പരിസര പ്രദേശങ്ങളുടേയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പി.എസ്. ഗോപിനാഥന്‍ കമ്മിഷന്‍ ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. അപകടകരമായ രീതിയില്‍ വെടിക്കെട്ട് നടന്നിട്ടും നിര്‍ത്തിവയ്ക്കാന്‍ പൊലീസോ ജില്ലാ ഭരണകൂടമോ ഇടപെട്ടില്ല. വെടിക്കെട്ടിനു മേല്‍നോട്ടക്കാരനുണ്ടായിരുന്നില്ല. ജനത്തിന്റെ സുരക്ഷയ്ക്ക് ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്നും കമ്മിഷന്‍ കണ്ടെത്തിയിരുന്നു. വര്‍ക്കല കൃഷ്ണന്‍കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവരാണ് കരാറുകാര്‍.

Top