പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം; ഡിവൈഎസ്പിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി പുറ്റിങ്ങല്‍ അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ ഡിവൈഎസ്പിക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ദുരന്തമുണ്ടാകുമ്പോള്‍ സ്ഥലത്തെ അസിസ്റ്റന്റ് കമ്മിഷണറായിരുന്ന എം.എസ്.സന്തോഷിനെതിരെയാണ് അന്വേഷണം.

വെടിക്കെട്ട് നടത്താന്‍ ക്ഷേത്ര കമ്മിറ്റിക്ക് ലൈസന്‍സ് ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ സന്തോഷ് പരിശോധിച്ചില്ലെന്നു ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. 2016 ഏപ്രില്‍ 9നു രാത്രി 7.30 മുതല്‍ 9.30 വരെ അസിസ്റ്റന്റ് കമ്മിഷണര്‍ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നെങ്കിലും ഭാരവാഹികളോട് വെടിക്കെട്ടിനുള്ള ലൈസന്‍സ് ചോദിക്കുകയോ അത് ഹാജരാക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ല.

ലൈസന്‍സില്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സിഐ, എസ്‌ഐ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയില്ല. വെടിക്കെട്ടിനുള്ള ഒരുക്കങ്ങളോ ദുരന്തമുണ്ടായാല്‍ തടയാനുള്ള മുന്നൊരുക്കങ്ങളോ പരിശോധിച്ചില്ല. ഇതെല്ലാം സുരക്ഷയില്ലാതെ വെടിക്കെട്ട് നടക്കുന്നതിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top