puttingal fire accident compensation

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പലര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നു പരാതി.

ദുരന്തബാധിതര്‍ക്കു സര്‍ക്കാര്‍ രണ്ടുലക്ഷം രൂപവരെ സഹായം പ്രഖ്യാപിച്ചെങ്കിലും ചിലര്‍ക്കു ലഭിച്ചത് 5,000 രൂപ മാത്രമാണ്. ദുരന്തബാധിതരുടെ പരുക്കിന്റെ തീവ്രത നിശ്ചയിച്ചു നഷ്ടപരിഹാരം തീരുമാനിക്കുന്നതിലുണ്ടായ ഗുരുതരവീഴ്ചയാണ് ഇതിനുകാരണം.

സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ വിദഗ്ധസമിതിയുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായി. പരുക്കേറ്റവരെ കൃത്യമായി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കിയില്ല.

109 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെക്കാള്‍ ദയനീയ അവസ്ഥയാണു ഗുരുതര പരുക്കേറ്റവരുടേത്. ഇതിലൊരാളാണ് കൂലിപ്പണി ചെയ്തു കുടുബം പുലര്‍ത്തിയിരുന്ന പരവൂര്‍ സ്വദേശി അനി.

അപകടത്തില്‍ പരുക്കേറ്റു കിടപ്പിലായതോടെ നാലംഗ കുടുംബം കടക്കെണിയിലായി. പരുക്കേറ്റവര്‍ക്കു സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചെങ്കിലും 5,000 രൂപ മാത്രമാണ് അനിക്കു ലഭിച്ചത്.

വെടിക്കെട്ടിന്റെ ആഘാതത്തില്‍ തെറിച്ചുവീണ കോണ്‍ക്രീറ്റ് ബീമാണ് അനിയുടെ ജീവിതം തകര്‍ത്തത്. രണ്ടു കാലുകളും ചലനമറ്റു. നാലരമാസത്തെ ചികില്‍സയ്ക്കിടയില്‍ ഒന്‍പതു ശസ്ത്രക്രിയകള്‍ കഴിഞ്ഞു.

കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പരവൂരില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് എല്ലാ മാസവുമുള്ള യാത്രാചെലവു തന്നെ ഈ കുടുംബത്തിനു താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. രണ്ടു കാലിലും കമ്പിയിട്ട് കിടക്കുന്ന അനിക്ക് എഴുന്നേറ്റു നടക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവാകും.

Top