പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം; പതിനായിരം പേജുകളുള്ള കുറ്റപത്രം, നല്‍കുന്നത് പെന്‍ഡ്രൈവില്‍

puttingal

കൊല്ലം: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ കുറ്റപത്രം തയ്യാറായി. സംസ്ഥാന ചരിത്രത്തിലാദ്യമായി പെന്‍ഡ്രൈവില്‍ കുറ്റപത്രം നല്‍കുന്നതെന്ന പ്രത്യേകതയും കേസിനുണ്ട്.

ഡിജിറ്റല്‍ രൂപത്തിലാക്കിയ കുറ്റപത്രം വൈകാതെ കോടതിയിലും സമര്‍പ്പിക്കും. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പ്രതിസ്ഥാനത്തുള്ള 52 പേര്‍ക്കാണ് കുറ്റപത്രം പെന്‍ഡ്രൈവില്‍ നല്‍കുന്നത്. പതിനായിരം പേജുകളുള്ള കുറ്റപത്രം പേപ്പര്‍ രൂപത്തില്‍ നല്‍കിയാലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ അപൂര്‍വ്വ നടപടി.

കുറ്റപത്രത്തിന്റെ പകര്‍പ്പ് എല്ലാ പ്രതികള്‍ക്കും നല്‍കണമെങ്കില്‍ അഞ്ചര ലക്ഷത്തോളം പേജുകള്‍ വേണ്ടിവരും. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഈ ബുദ്ധിമുട്ട് കോടതിയില്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് പരവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പെന്‍ഡ്രൈവ് രൂപത്തില്‍ പ്രതികള്‍ക്ക് കുറ്റപത്രം നല്‍കാന്‍ അനുമതി നല്‍കിയത്. ഏതെങ്കിലും പ്രതി കടലാസ് രൂപത്തില്‍ കുറ്റപത്രം ആവശ്യപ്പെട്ടാല്‍ അതുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

വെടിക്കെട്ടപകടത്തില്‍ മരിച്ച 110 പേരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, അവരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, 1658 സാക്ഷികള്‍, 750 പരുക്ക് സര്‍ട്ടിഫിക്കറ്റുകള്‍, 448 തൊണ്ടിമുതലുകള്‍, സ്ഫോടക വസ്തുക്കളെ കുറിച്ചുള്ള സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയതാണ് കുറ്റപത്രം. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കിയ കുറ്റപത്രത്തിന്റെ പെന്‍ഡ്രൈവ് പകര്‍പ്പും വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും. 2016 ഏപ്രില്‍ 10നായിരുന്നു പുറ്റിങ്ങല്‍ വെടിക്കെട്ടപകടം.

Top