Puttingal; Adoor prakash – supports – Kollam collector

പത്തനംതിട്ട: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ചിന് റവന്യൂമന്ത്രിയുടെ മുന്നറിയിപ്പ്. ജില്ലാ കലക്ടര്‍ എ.ഷൈനാമോളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കലക്ടറെ ക്രൂശിക്കാന്‍ അനുവദിക്കില്ല. ക്യാമറയുടെ തകരാര്‍ കൃത്യസമയത്ത് കെല്‍ട്രോണിനെ അറിയിച്ചിരുന്നുവെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

ദുരന്തത്തിന്റെ ചുമതല പരസ്പരം കെട്ടിവയ്ക്കുന്നതിനാണ് ആഭ്യന്തരവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ശ്രമം. പൊലീസിന്റെ വീഴ്ച മൂലമാണ് ദുരന്തമുണ്ടായതെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസിനെതിരെ നടപടിയെടുക്കുന്നതിന് ആഭ്യന്തരസെക്രട്ടറി ശുപാര്‍ശ ചെയ്യുകയും ചെയ്തു.

എന്നാല്‍ കലക്ടര്‍ക്ക് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടി ഡിജിപി ടി.പി. സെന്‍കുമാറും ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്ന് ഇരുവകുപ്പുകളും തമ്മില്‍ വലിയ തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ ഇല്ലെന്ന് വ്യക്തമായത്. സിസിടിവി പ്രവര്‍ത്തനരഹിതമായതിനാലാണ് ദൃശ്യങ്ങള്‍ പതിയാതിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.

വെടിക്കെട്ടിന് അനുമതി തേടി ക്ഷേത്രഭാരവാഹികള്‍ എട്ടിനും ഒന്‍പതിനും കലക്ടറേറ്റില്‍ എത്തിയതായി ക്രൈംബ്രാഞ്ചിനു വിവരമുണ്ടായിരുന്നു. ജില്ലാ കലക്ടറുടെ ചേംബറില്‍ കലക്ടറുമായി കൂടിക്കാഴ്ച നടത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി മനസ്സിലാക്കുന്നതിനാണ് ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചത്.

Top