puttigal fire accident- 4 people in police custaddy

പരവൂര്‍: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് രണ്ട് കരിമരുന്ന് തൊഴിലാളികളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കമ്പത്തിന് തീകൊളുത്താനെത്തിയ തൊഴിലാളികളെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ പിടിയിലായ കമ്പക്കെട്ടുകാരന്‍ കൊച്ചുമണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ കരിമരുന്ന് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. അതേസമയം റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈം ബ്രാഞ്ച് ഇന്ന് പരവൂര്‍ കോടതിയെ സമീപിക്കും.

പരവൂര്‍ കമ്പത്തിന് തീ കൊളുത്താനായി വെടിക്കെട്ടാശാന്‍ കഴക്കൂട്ടം സുരേന്ദ്രന്‍ എത്തിച്ച തൊഴിലാളികള്‍ മദ്യലഹരിയിലായിരുന്നെന്നും ഇതാണ് അപകടമുണ്ടാകാന്‍ കാരണമെന്നുമാണ് പിടിയിലായ കമ്പക്കെട്ടുകാരന്‍ കൊച്ചുമണി ക്രൈം ബ്രാഞ്ചിന് മൊഴിനല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവ ദിവസം മദ്യപിച്ചെത്തിയെന്ന് പറയപ്പെടുന്ന കരിമരുന്ന് തൊഴിലാളികള്‍ക്കായി ക്രൈംബ്രാഞ്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്.

റിമാന്റില്‍ കഴിയുന്ന ക്ഷേത്രം ഭാരവാഹികളായ കൃഷ്ണന്‍കുട്ടിപ്പിള്ള, ജയലാല്‍, പ്രസാദ്, മുരുകേശ് , സോമസുന്ദരന്‍പിള്ള, രവീന്ദ്രന്‍പിള്ള എന്നിവരെ കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച് ഇന്ന് പരവൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കമ്പത്തിന്റെ അനുമതി സംബന്ധിച്ച് വ്യക്തത വരുത്താനാകൂവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തല്‍. എഡിഎം അടക്കമുളള ഉദ്യോഗസ്ഥരുടെ മൊഴി എടുക്കുന്നത് ഇതിന് ശേഷമാകാമെന്നാണ് ക്രൈം ബ്രാഞ്ച് കണക്കുകൂട്ടുന്നത്.

അതേസമയം വെടിക്കെട്ടാശാന്‍ കൃഷ്ണന്‍കുട്ടി, എഡിഎമ്മിന്റെ ശബ്ദരേഖ കൈവശമുണ്ടെന്ന് പറയപ്പെടുന്ന ക്ഷേത്രഭാരവാഹി പ്രേംലാല്‍ എന്നിവരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെ സാധിച്ചിട്ടില്ല. എറണാകുളത്തും വര്‍ക്കലയിലും കഴിഞ്ഞ ദിവസം കൃഷ്ണന്‍കുട്ടിക്കായി തിരച്ചില്‍ നടന്നു.

Top