puttigal fire accident-13 people in custtday

പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തക്കേസില്‍ അറസ്റ്റിലായ 13 പ്രതികളെ പരവൂര്‍ മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം ഇരുപത് വരെയാണ് കസ്റ്റഡി കാലാവധി. പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 12ാം പ്രതിയുടെ ജാമ്യ അപേക്ഷ കോടതി തള്ളി.

കൂടുതല്‍ തെളിവ് ലഭിക്കുന്നതിന് അച്ചടിച്ച ഉത്സവനോട്ടീസുകള്‍, പിരിച്ചെടുത്ത തുക, ഒളിവില്‍ താമസിച്ച സ്ഥലം എന്നിവയും സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും കൃത്യമായി മനസിലാക്കാന്‍ ഇവരെ ചോദ്യംചെയ്യണമെന്ന പബ്‌ളിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ദുരന്തത്തില്‍ ക്ഷേത്ര ഭാരവാഹികളിലാര്‍ക്കും പരിക്കേല്‍ക്കാത്തതില്‍ അത്ഭുതമുണ്ടെന്ന് കോടതി പറഞ്ഞു.

തങ്ങള്‍ നിരപരാധികളാണ്. ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് മത്സരകമ്പമിലെന്ന് എട്ടാം തിയതി നോട്ടീസ് വഴി അറിയിച്ചിരുന്നു. കരാറുകാര്‍ക്ക് ചെലവായ തുക നല്‍കാമെന്ന് പറഞ്ഞിരുന്നതായും പ്രതിഭാഗം വാദിച്ചു. കരാറുകാര്‍ തമ്മില്‍ മത്സരിച്ചോ എന്ന് അന്വേഷിക്കണമെന്നും മുന്‍കരുതലെടുക്കാത്ത പൊലീസിനെ പ്രതി ചേര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി നാലു പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. ഏപ്രില്‍ പത്തിനായിരുന്നു ഉത്സവത്തിനിടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തില്‍ 107 പേര്‍ മരിക്കുകയും 350 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Top