യുക്രൈനുമായുള്ള സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പുടിന്‍

മോസ്കോ: യുദ്ധം ആരംഭിച്ച് പത്ത് മാസം തികയാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ യുക്രൈനുമായുള്ള യുദ്ധം എത്രയും വേഗത്തില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുക്രൈനെതിരെ ‘പ്രത്യേക സൈനിക നടപടി’ എന്ന പേരില്‍ 2022 ഫെബ്രുവരി 24 നാണ് പുടിന്‍ സൈനീക നീക്കം ആരംഭിച്ചത്. യുദ്ധം ആരംഭിച്ച് ഇത്രയും കാലം അതിനെ യുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ പോലും പുടിനോ റഷ്യയോ തയ്യാറായിരുന്നില്ല. യുദ്ധത്തിന് പകരം സംഘര്‍ഷം എന്ന വാക്കാണ് പുടിന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.

“ഞങ്ങളുടെ ലക്ഷ്യം… ഈ സംഘർഷം അവസാനിപ്പിക്കുകയാണ്. ഞങ്ങൾ അതിനായി പരിശ്രമിക്കുകയാണ്. എല്ലാം അവസാനിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും, എത്രയും വേഗം, നല്ലത്”. പുടിന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എല്ലാ സംഘട്ടനങ്ങളും ഏതെങ്കിലും വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ചർച്ചകളിലൂടെ അവസാനിക്കുന്നു. നമ്മുടെ എതിരാളികൾ അത് എത്ര വേഗത്തിൽ മനസ്സിലാക്കുന്നുവോ അത്രയും നന്നായിരിക്കും,” പുടിൻ കൂട്ടിച്ചേര്‍ത്തു.

നേരത്തെ റഷ്യന്‍ വിമതര്‍ കൈവശം വച്ച ഡോണ്‍ബാസ് മേഖലയിലാണ് ഇപ്പോഴും യുദ്ധം നടക്കുന്ന സ്ഥലം. ഇതിനിടെ ഇതിവരെയായി റഷ്യയ്ക്ക് വന്‍ തോതിലുള്ള ആള്‍നാശവും ആയുധ നാശവും സംഭവിച്ചെന്ന് യുക്രൈന്‍ ആരോപിക്കുന്നു. നാറ്റോയുടെ പൂര്‍ണ്ണ പിന്തുണയാണ് യുക്രൈനെ ലോകത്തെ രണ്ടാമത്തെ സൈനിക ശക്തി ആയ റഷ്യയെ പ്രതിരോധിക്കാന്‍ സഹായിച്ചത്.

Top