പ്രതിഷേധം ശക്തം ; പുടിന്‍ അനുകൂല പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ട്രംപ്

ഹെല്‍സിങ്കി :ഹെല്‍സിങ്കി ഉച്ചകോടിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പറഞ്ഞത് തെറ്റായിപോയെന്ന് ട്രംപ് പറഞ്ഞു. യൂറോപ്യന്‍ പര്യടനത്തിന് ശേഷം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപ് വിശദീകരണം നല്‍കിയത്.

റഷ്യ ഇടപെട്ടുവെന്നാണു ചിലര്‍ പറയുന്നത്. എന്നാല്‍, ഇല്ലെന്നു പുടിന്‍ പറയുന്നു. റഷ്യ ഇടപെടാനുള്ള ഒരുകാരണവും താന്‍ കാണുന്നില്ല എന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ പ്രസ്താവനയില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും പോലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ജനങ്ങള്‍ ട്രംപിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്രംപ് പ്രസ്താവനയില്‍ തിരുത്ത് വരുത്തിയത്. റഷ്യ ഇടപെടാതിരിക്കാനുള്ള ഒരു കാരണവും താന്‍ കാണുന്നില്ലെന്നായിരുന്നു പറയേണ്ടിയിരുന്നത്. അതു തെറ്റായിപ്പോയെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലുകളെ പിന്തുണയ്ക്കാത്ത നിലപാടാണു ട്രംപ് പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം ഞാന്‍ അംഗീകരിക്കുന്നുവെന്നും അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നുമായിരുന്നു ട്രംപിന്റെ ഇപ്പോഴത്തെ പ്രതികരണം.

Top