അമേരിക്കയുടെ പുതിയ മിസൈല്‍ നിര്‍മ്മാണം: ഇടപെടലുമായി പുടിന്‍

മോസ്‌ക്കോ: റഷ്യക്കും അമേരിക്കക്കുമിടയില്‍ തര്‍ക്ക പരിഹാരത്തിന് ഇടപെടലുമായി വ്‌ലാഡമിര്‍ പുടിന്‍. ആയുധ നിര്‍മാണം സംബന്ധിച്ച് ചര്‍ച്ച വേണമെന്ന് അമേരിക്കയോട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍ ആവശ്യപ്പെട്ടു.

അമേരിക്ക പുതിയ മിസൈലുകള്‍ നിര്‍മിക്കുകയാണെങ്കില്‍ അതേ മാതൃകയിലുള്ള മിസൈലുകളുടെ നിര്‍മാണം തങ്ങളും വ്യാപിപ്പിക്കുമെന്നായിരുന്നു റഷ്യയുടെ നിലപാട്.ഈ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുക്കാതിരിക്കാനാണ് ചര്‍ച്ചകള്‍ വേണമെന്ന ആവശ്യം പുടിന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

ഐ.എന്‍.എഫ് ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ പുതിയ മിസൈലുകള്‍ നിര്‍മിക്കുന്നത് വിലക്കിയ സാഹചര്യത്തില്‍, വിലക്ക് മറികടന്ന് അമേരിക്ക പുതിയ മിസൈലുകള്‍ നിര്‍മിക്കുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇതിനോടകം തന്നെ പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങള്‍ക്ക് പുടിന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

അമേരിക്ക മിസൈലുകളുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞാല്‍ റഷ്യയും അവ നിര്‍മിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് പുടിന്‍ പറഞ്ഞു.ഐ.എന്‍.എഫ് കരാറിന്റെ അടിസ്ഥാനത്തില്‍ 500 മുതല്‍ 5500 കിലോമീറ്റര്‍ ദൂരം പോകുന്ന മിസൈലുകള്‍ നിര്‍മിക്കരുത് എന്നതാണ് ചട്ടം.

Top